ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് വ്യാപാര കരാറിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരുത്തി കര്‍ഷകരെയും വസ്ത്രക്കയറ്റുമതിക്കാരേയും വഞ്ചിക്കുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പരത്തുകയാണ്. രാജ്യത്തെ പരുത്തി മേഖലയെയും വസ്ത്ര വ്യവസായത്തെയും മുറിപ്പെടുത്തുന്ന രീതിയിലാണ് സര്‍ക്കാര്‍ കരാറുകള്‍ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയില്‍ ബംഗ്ലാദേശിന് 0 ശതമാനം താരിഫ് ആനുകൂല്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് 18 ശതമാനം നികുതി ചുമത്തുന്നതിനെ രാഹുല്‍ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. അമേരിക്കന്‍ പരുത്തി ഇറക്കുമതി ചെയ്യുകയെന്ന നിബന്ധനയിലാണ് ബംഗ്ലാദേശിന് ഈ ആനുകൂല്യം ലഭിക്കുന്നത്.
ഇതേ ആനുകൂല്യം ഇന്ത്യക്ക് വേണമെങ്കില്‍ അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി നല്‍കിയതായും രാഹുല്‍ വെളിപ്പെടുത്തി. ഇക്കാര്യം എന്തുകൊണ്ട് രാജ്യത്തോട് മറച്ചുവെന്നും രാഹുല്‍ ചോദിച്ചു. അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്താല്‍ നമ്മുടെ സ്വന്തം പരുത്തി കര്‍ഷകര്‍ നശിക്കും. എന്നാല്‍ ഇറക്കുമതി ചെയ്തില്ലെങ്കില്‍ നമ്മുടെ വസ്ത്ര വ്യവസായം വിദേശരാജ്യങ്ങളോട് മത്സരിക്കാനാവാതെ തകരുകയും ചെയ്യും. മുന്നില്‍ കിണറും പിന്നില്‍ കിടങ്ങുമെന്ന അവസ്ഥയിലേക്കാണ് പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
