ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ 'വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചൈനയിലെ ഷെന്‍ഷെനില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എന്നിവരുടെ ത്രികക്ഷി കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്ക് പ്രാതിനിധ്യമില്ലാത്തതിനെ വിമര്‍ശിച്ചാണ് രാഹുലിന്റെ പരാമര്‍ശം.
കോണ്‍ഗ്രസ് അധികാരത്തിലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ട്രംപ്, ഷി ജിന്‍പിങ്, പുടിന്‍ എന്നിവര്‍ നിര്‍ണായക ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം.
'കോണ്‍ഗ്രസ് അധികാരത്തിലായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ മേശയ്ക്കരികില്‍ ഇരിക്കുമായിരുന്നു. വിട്ടുവീഴ്ച ചെയ്ത ഒരു പ്രധാനമന്ത്രിക്ക് ഒരിക്കലും ഈ മേശയ്ക്കരികില്‍ ഇരിക്കാനാവില്ല'- രാഹുല്‍ ഗാന്ധി കുറിച്ചു.
വിവിധ രാജ്യങ്ങളില്‍ തുടരുന്ന യുദ്ധങ്ങളും ആണവായുധ ശേഖരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായിരുന്നു ട്രംപ്- ഷി- പുടിന്‍ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. കൂടിക്കാഴ്ചയ്ക്കുശേഷം 'സമാധാനത്തിനായുള്ള റഷ്യ- ചൈന- അമേരിക്ക രാഷ്ട്രത്തലവന്മാരുടെ പ്രഖ്യാപനം' എന്ന പേരില്‍ സംയുക്ത പ്രഖ്യാപനവും നേതാക്കള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയുടെ നയതന്ത്ര സ്ഥാനവും ദേശീയ സുരക്ഷയും വിട്ടുവീഴ്ചകള്‍ക്ക് വിധേയമായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
ബി ജെ പി നേതാവ് പ്രദീപ് ഭണ്ഡാരി എക്സിലൂടെ രാഹുലിന് മറുപടി നല്‍കി. കോണ്‍ഗ്രസ് തുടര്‍ന്നും അധികാരത്തിലായിരുന്നെങ്കില്‍ ആഗോള നയതന്ത്രരംഗത്ത് ഇന്ത്യ പിന്നിലേക്ക് തള്ളപ്പെടുമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബ്രിക്‌സ് കൂട്ടായ്മയിലെ ഇന്ത്യയുടെ പങ്കും വിവിധ അന്താരാഷ്ട്ര വേദികളിലെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയായിരുന്നു ഭണ്ഡാരിയുടെ പ്രതികരണം.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും പാകിസ്ഥാനോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചൈനാ നയമാണ് കാരണമെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി.
'പാകിസ്ഥാനോടുള്ള സ്‌നേഹം വിദേശനയത്തിന്റെ കേന്ദ്രബിന്ദുവാക്കിയ കോണ്‍ഗ്രസില്‍നിന്ന് ഇന്ത്യയ്ക്ക് വിദേശനയത്തെക്കുറിച്ച് ഉപദേശം ആവശ്യമില്ല' എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ എക്സിലെ പ്രതികരണം.
