ന്യൂഡല്‍ഹി: വായു മലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന ജെന്‍ സി പ്രതിഷേധത്തില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. ആന്ധ്രാപ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്വി ഹിദ്മയെ അനുകൂലിച്ചുള്ള മുദ്രാവാക്യമാണ് ഉയര്‍ന്നത്. മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പൊലീസുകാര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ അടിച്ചതായും വിവരമുണ്ട്.
ഡല്‍ഹി ഇന്ത്യാ ഗേറ്റിന് മുന്നില്‍ അനുവാദമില്ലാതെ മണിക്കുറോളം പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴേക്കും പ്രതിഷേധക്കാര്‍ അക്രമാസക്തമാവുകയായിരുന്നു. നാലോളം പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വനങ്ങള്‍ക്കും പരിസ്ഥിതിക്കും വേണ്ടി പോരാട്ടം തുടരും എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചുകൊണ്ട് എത്തിയവരാണ് 'മദ്വി ഹിദ്മ അമര്‍ രഹേ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയത്.സര്‍ക്കാര്‍ 45 ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡറായ മദ്വി ഹിദ്മ നവംബര്‍ 18ന് ആന്ധ്ര പ്രദേശില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
