ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍. ആദ്യ ദിനം തന്നെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പരാജയപ്പെട്ടു എന്നായിരുന്നു പൃഥ്വിരാജ് ചവാന്റെ പരാമര്‍ശം. തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ തന്നെ മാപ്പു പറയില്ലെന്നുമാണ് ചവാന്‍ പ്രതികരിച്ചത്.
പ്രസ്താവനയില്‍ ക്ഷമ ചോദിക്കില്ല. ഞാന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ ക്ഷമയുടെ ആവശ്യമില്ല. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിനം തന്നെ ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ പാക് സേന വെടിവച്ചിട്ടെന്ന് അവകാശപ്പെട്ടാണ് ചവാന്‍ ഒരു പൊതുചടങ്ങില്‍ ആരോപണം ഉന്നയിച്ചത്.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബി ജെ പി രംഗത്തെത്തി. സൈന്യത്തോടുള്ള അനാദരവാണ് പൃഥ്വിരാജ് ചവാന്‍ നടത്തിയതെന്ന് ബി ജെ പി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന്റെ സൈനിക വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്നും ബി ജെ പി വക്താവ് ഷഹ്സാദ് പൂനാവാല പ്രതികരിച്ചു.
