പറ്റ്‌ന: ബിഹാറിലെ ബാങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജന്‌സുരാജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി സമ്രാട് ചൗധരിയുടെ രണ്ടുമാസം പഴക്കമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനുള്ള ജനവിധിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പറ്റ്‌നയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശാന്ത് കിഷോര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബാങ്കിപൂരില്‍ ബി ജെ പി വിജയിക്കുകയാണെങ്കില്‍ സമ്രാട് ചൗധരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബിഹാര്‍ ജനതയുടെ ശക്തമായ പിന്തുണ ഇപ്പോഴും ഉണ്ടെന്ന് താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ വിജയിച്ചാല്‍ അതിന്റെ സന്ദേശം അവര്‍ വ്യക്തമായി മനസ്സിലാക്കേണ്ടിവരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബാങ്കിപൂരിലെ വോട്ടര്‍മാരോട് പിന്തുണ അഭ്യര്‍ഥിച്ച അദ്ദേഹം, 'ബിഹാറിലെ ഏറ്റവും സമ്പന്നരും വിദ്യാഭ്യാസമുള്ളവരുമാണ് ബാങ്കിപൂരിലെ ജനങ്ങളെന്നും അവര്‍ മികച്ച സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കണമെന്നും തന്നില്‍ വിശ്വാസമുണ്ടെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയില്‍ നിന്ന് ഒരേയൊരു എം എല്‍ എ മാത്രമായാലും നിയമസഭയിലെ ശേഷിക്കുന്ന 242 അംഗങ്ങളെക്കാള്‍ ശക്തമായ ശബ്ദമാകാന്‍ തനിക്ക് കഴിയുമെന്നും പറഞ്ഞു.
ബാങ്കിപൂര്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി നേതാവ് നിതിന്‍ നബിന്‍ എം എല്‍ എയായിരുന്നെങ്കിലും അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചതിനാലാണ് സീറ്റ് ഒഴിവായത്. ജൂലൈ 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 3-ന് വോട്ടെണ്ണല്‍ നടക്കും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്‌സുരാജ് പാര്‍ട്ടി 238 മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാനായിരുന്നില്ല.
ആ തിരഞ്ഞെടുപ്പില്‍ ബി ജെ പി- ജെ ഡി യു സഖ്യമാണ് വന്‍വിജയം നേടിയത്. ബി ജെ പി 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ജെഡിയു 85 സീറ്റുകള്‍ നേടി. പ്രധാന പ്രതിപക്ഷമായ ആര്‍ ജെ ഡിക്ക് 25 സീറ്റുകള്‍ മാത്രമാണ് നേടാനായത്.
