ന്യൂഡൽഹി: പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇക്കാര്യം പ്രണബ് തന്നോട് സൂചിപ്പിച്ചിരുന്നുവെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും സോണിയ പറയുന്നു. സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ബിലോങ്ങിംഗ് എ ജേണി ഓഫ് ലൗവിലാണ് ഈ വെളിപ്പെടുത്തൽ.
സർക്കാരുമായുള്ള ഏകോപനം ഉറപ്പാക്കാൻ പ്രധാനമന്ത്രിക്കൊപ്പം ഒരു കോർ ഗ്രൂപ്പ് ആഴ്ചതോറും യോഗം ചേർന്നിരുന്നതായും പുസ്തകത്തിൽ പറയുന്നു. പ്രണബ് മുഖർജി, അർജുൻ സിംഗ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേൽ എന്നിവരായിരുന്നു കോർ ഗ്രൂപ്പിലെ അംഗങ്ങൾ. പാർലമെന്റിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനും പതിവായി യോഗങ്ങൾ ചേർന്നിരുന്നു. അന്നത്തെ ധനമന്ത്രി പി.ചിദംബരവുമായി പ്രണബ് മുഖർജിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും സോണിയ വെളിപ്പെടുത്തി.
2010ല്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരവുമായി പ്രണബിന് കടുത്ത അഭിപ്രായ ഭിന്നതയുണ്ടായി. തന്റെ അമര്‍ഷം പ്രകടിപ്പിച്ച ശേഷം നേതൃമാറ്റം വേണമെന്ന് പ്രണബ് ആവശ്യപ്പെട്ടതായും സോണിയ ആത്മകഥയില്‍ പറയുന്നു. 'പ്രധാനമന്ത്രി പദമെന്ന പ്രണബിന്റെ ദീര്‍ഘകാല സ്വപ്നമാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് എനിക്ക് മനസിലായി. ഞാന്‍ മെല്ലെ വിഷയം മാറ്റി. അദ്ദേഹം നിരാശനായി. പക്ഷേ ഒരിക്കലും അദ്ദേഹം ആ ആവശ്യം എനിക്കെതിരെ എടുത്തുപയോഗിച്ചില്ല. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയായ പ്രസിഡന്റ് സ്ഥാനത്തേക്ക് 2012-ല്‍ യുപിഎ സ്ഥാനാര്‍ത്ഥിയായി പ്രണബ് മുഖര്‍ജിയെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്യുകയും, അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു' സോണിയ ചൂണ്ടിക്കാട്ടി.
താന്‍ പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. എക്കാലവും അഗാധമായ പാണ്ഡിത്യവും അറിവുമുള്ള ഒരു രാഷ്ട്രീയക്കാരനായി നിലകൊണ്ട അദ്ദേഹവുമായി വെറുതെ സംസാരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നും സോണിയ പറയുന്നു. യുപിഎ ഭരണകാലത്ത് യഥാര്‍ത്ഥ അധികാരം കയ്യാളിയിരുന്നത് താനാണെന്ന ആരോപണങ്ങളെ തള്ളിയ സോണിയ പ്രധാനമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ചിലര്‍ ബിജെപിയുടെ ആരോപണത്തിന് ആയുധംനല്കിയെന്നും പുസ്തകത്തില്‍ കുറിച്ചു. 'വര്‍ഷങ്ങളായി ഇതിലും മോശമായ ആരോപണങ്ങള്‍ക്ക് വിധേയയായിട്ടുണ്ടെങ്കിലും, ഞാന്‍ ഔദ്യോഗിക ഫയലുകള്‍ പരിശോധിക്കുകയായിരുന്നു എന്ന കെട്ടിച്ചമച്ച കഥയാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. നിയമങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ എപ്പോഴും കര്‍ശനമായിരുന്നു, ഈ കാലയളവില്‍ അത് വളരെ കൂടുതലായിരുന്നു' സോണിയ വ്യക്തമാക്കി.
അതേസമയം, പിതാവിന്റെ ആഗ്രഹത്തെ ന്യായീകരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. അനുഭവ സമ്പത്തുള്ള നേതാവ് പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നതില്‍ തെറ്റ് എന്താണെന്നും തന്റെ പിതാവ് കൈവരിച്ച നേട്ടം കഠിനാധ്വാനത്തിന്റെ ഫലമാണെന്നും മകള്‍ പറഞ്ഞു. 'ഇതില്‍ ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി?. രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള പതിറ്റാണ്ടുകളുടെ അനുഭവവും പരിചയവും ഉള്ള ഒരാള്‍ ഇത്തരത്തില്‍ ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? 'ഒരിക്കല്‍ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എല്ലാ രാഷ്ട്രീയക്കാരനും ഇത്തരമൊരു ആഗ്രഹമുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി' ശര്‍മ്മിഷ്ഠ സാമുഹിക മാധ്യമത്തില്‍ കുറിച്ചു. ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്ന് വന്ന തന്റെ പിതാവിന് പദവികളൊന്നും ആരും തളികയില്‍ വച്ച് നീട്ടിയതല്ല. സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് എല്ലാ നേടിയതെന്നും ശര്‍മിഷ്ഠ പറഞ്ഞു.
ഗാന്ധി-നെഹ്റു കുടുംബത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും ഇത്തരം ഒരു ആഗ്രഹം വച്ചുപുലര്‍ത്താനും അത് തന്നോട് എങ്ങനെ സൂചിപ്പിക്കാന്‍ ധൈര്യമുണ്ടായി എന്നതാണോ സോണിയാജിയെ ഞെട്ടിച്ചതെന്നും ശര്‍മിഷ്ഠ ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി പദം കിട്ടാത്തതില്‍ പിതാവിന് ആരോടും ഒരു പരിഭവും ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ പ്രായോഗികമായി ചിന്തിക്കുന്ന, ഉള്‍ക്കാഴ്ചയുള്ള വ്യക്തിയായിരുന്നെന്നും ശര്‍മ്മിഷ്ഠ കൂട്ടിച്ചേര്‍ത്തു.
പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി മോഹം തന്നെ ഞെട്ടിച്ചു; വെളിപ്പെടുത്തലുമായി സോണിയ ഗാന്ധി, ഇത്രമാത്രം ഞെട്ടലുണ്ടാക്കാന്‍ എന്തുണ്ടായി? സോണിയക്കെതിരെ പ്രണബിന്റെ മകള്‍
