ഞാന്‍ യെച്ചൂരിയുമായും ഡി.രാജയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ജയരാജനുമായുള്ള സംഭാഷണം സൗഹൃദംമാത്രം; ശോഭയെ തള്ളി പ്രകാശ് ജാവഡേക്കര്‍

ഞാന്‍ യെച്ചൂരിയുമായും ഡി.രാജയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്; ജയരാജനുമായുള്ള സംഭാഷണം സൗഹൃദംമാത്രം; ശോഭയെ തള്ളി പ്രകാശ് ജാവഡേക്കര്‍


ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ച വിവാദമാക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്രനേതാവ് പ്രകാശ് ജാവദേക്കര്‍. ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളിയ ജാവദേക്കര്‍ താന്‍ എല്ലാ പാര്‍ട്ടികളിലെയും നേതാക്കന്മാരെയും എംപിമാരെയും കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സൗഹൃദപരമായി നടത്തിയ ചര്‍ച്ചകളാണ് അധികവും. അതൊന്നും വിവാദമാക്കി രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല.-ജാവദേക്കര്‍ പറഞ്ഞു. ജയരാജനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചൊക്കെ ശോഭാ സുരേന്ദ്രന് എവിടെ നിന്ന് വിവരം കിട്ടിയെന്ന് ജാവദേക്കര്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ തുടങ്ങിയവരുമൊയൊക്കെ സൗഹൃദമുണ്ട്. കേരളത്തിലെ മുഴുവന്‍ എംപിമാരുമായും സംസാരിച്ചിട്ടുണ്ട്. അതിന്റെയൊന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ വിവാദമാക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.