ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി ജനറല്‍ എം എം നരവനെയുടെ ഓര്‍മക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന 2020-ലെ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കാന്‍ തനിക്കു അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാറിനെതിരെ ആക്രമണം ശക്തമാക്കിയ രാഹുല്‍ ഗാന്ധി. നരവനെയുടെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റ് നടപടികളില്‍ നിന്ന് വിട്ടുനിന്നതെന്നും പുസ്തകം കൈമാറപ്പെടുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ദുഷ്‌ക്കരമായ സാഹചര്യം സൃഷ്ടിക്കുന്നെന്ന ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിയെ തങ്ങളുടെ അംഗങ്ങള്‍ ആക്രമിക്കുമെന്നതിന് യാതൊരു സാധ്യതയും ഇല്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് തിങ്കളാഴ്ചയും ലോക്സഭയില്‍ ഇടയ്ക്കിടെ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അതിനിടെ അപൂര്‍വ നീക്കമായി മതിയായ ചര്‍ച്ചകളില്ലാതെ രാഷ്ട്രപതിയുടെ നന്ദിപ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചു.
ജനറല്‍ നരവനെയുടെ ഓര്‍മക്കുറിപ്പിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ആ വിഷയത്തില്‍ താന്‍ സംസാരിക്കാതിരിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി അതിനായി അവര്‍ സഭ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. മൂന്നു നാല് തവണ തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. ആദ്യം അവര്‍ പറഞ്ഞത് പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കരുതെന്നായിരുന്നു. എന്നാല്‍ താന്‍ പുസ്തകമല്ല ഒരു മാഗസിനില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അതിനും അവര്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു. ഒടുവില്‍ താന്‍ സംസാരിക്കുമെന്നു പറഞ്ഞപ്പോള്‍ പോലും അവര്‍ അനുവദിച്ചില്ല. പ്രതിരോധ മന്ത്രി പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് തെറ്റായി പറഞ്ഞത്. യാഥാര്‍ഥത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതിന്റെ ഒരു പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി 2ന് മുന്‍ സൈനിക മേധാവി ജനറല്‍ എം എം നരവനെയുടെ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി എന്ന സ്മരണക്കുറിപ്പിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു മാഗസിന്‍ ലേഖനത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായിച്ചതിനെ തുടര്‍ന്നാണ് വലിയ വിവാദം ഉയര്‍ന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവാദം ശക്തമായതോടെ ഫെബ്രുവരി 4-ന് പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധി ഓര്‍മക്കുറിപ്പിന്റെ പകര്‍പ്പ് കൈയില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 2020-ലെ ലഡാക്ക് സംഘര്‍ഷത്തെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി അത് പ്രധാനമന്ത്രിക്ക് സമ്മാനിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
