ഇനി പ്രതിപക്ഷത്തിന്റെ ഊഴം; മോദിക്കും അമിത് ഷായ്ക്കുമെതിരേ രാഹുൽ, മോദി മാപ്പ് പറയണമെന്ന് ആവശ്യം

ഇനി പ്രതിപക്ഷത്തിന്റെ ഊഴം; മോദിക്കും അമിത് ഷായ്ക്കുമെതിരേ രാഹുൽ, മോദി മാപ്പ് പറയണമെന്ന് ആവശ്യം


ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാ​ഹുൽ ​ഗാന്ധി രം​ഗത്ത്. രാജിവെച്ച മന്ത്രിക്ക് ഇത്രയും കാലം തണലൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതിനാൽ മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ അക്രമങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരിട്ട് പങ്കും ഉത്തരവാദിത്തവുമുണ്ടെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

അധികാരത്തിലേറി 12 വർഷങ്ങൾക്ക് ശേഷം ഭരണത്തിലെ വീഴ്ചയെച്ചൊല്ലി നിർണായക സ്ഥാനത്ത് നിന്ന് ഒരാൾ പടിയിറങ്ങിയതോടെ കടുത്ത ആക്രമണത്തിലേക്ക് കടക്കാനാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ നീക്കം. അതിന്റെ പശ്ചാത്തലത്തിലാണ് മോദിയെയും അമിത് ഷായെയും നേരിട്ട് ആക്രമിച്ചുള്ള രാഹുലിന്റെ രം​ഗപ്രവേശവും. പ്രക്ഷോഭം നീണ്ടിരുന്നെങ്കിൽ മോദിക്കും അമിത് ഷായ്ക്കുമെതിരേ രം​ഗത്തിറങ്ങാനായിരുന്നു കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥികൾ തീരുമാനിച്ചിരുന്നത്. ഇത് മുതലാക്കാനാണ് രാഹുലിന്റെയും പ്രതിപക്ഷത്തിന്റെയും നീക്കം. നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിയും ബം​ഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉണ്ടായ തകർച്ചയും മൂലമുണ്ടായ ക്ഷീണം മറികടക്കാനാകുമെന്നാണ് കണക്കാക്കുന്നത്. 

അതേസമയം, വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കം എൻഡിഎ സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ പിന്തുണച്ച് ചന്ദ്രബാബു നായിഡു അടക്കമുള്ളവർ രം​ഗത്തെത്താൻ സാദ്ധ്യതയുണ്ടെന്ന് കണ്ടതോടെയാണ് പെട്ടെന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതെന്ന് ഒരു അഭ്യൂഹം ഉയർന്നിട്ടുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമായി ബിഹാറിൽ ജെഡിയുവിന്റെയും ആന്ധ്രയിൽ ടിഡിപിയിലെയും ചില നേതാക്കൾ പരസ്യമായി വിദ്യാർഥികൾക്കൊപ്പം സമരത്തിനിറങ്ങിയതും ബിജെപിയെ സമ്മർദ്ദത്തിലാക്കിയിരുന്നു.