ന്യൂഡല്‍ഹി/ഡാക്ക:ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ശേഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്മാന്‍യ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്ത് അയച്ചു. 'ഇന്ത്യ നിങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നു,' എന്നാണ് കത്തില്‍ മോഡി കുറിച്ചത്.
ഡാക്കയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് മോഡിയുടെ സന്ദേശം റഹ്മാന് കൈമാറിയത്. 300 അംഗ ജാതിയ സങ്‌സദില്‍ 200ലധികം സീറ്റുകള്‍ നേടി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെയാണ് റഹ്മാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിശ്വാസത്തിന്റെയും നേതൃത്വത്തില്‍ ഉള്ള ആത്മവിശ്വാസത്തിന്റെയും തെളിവാണെന്ന് മോഡി കത്തില്‍ പറഞ്ഞു. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ലക്ഷ്യമാക്കി രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള ദൗത്യത്തില്‍ വിജയാശംസകളും അറിയിച്ചു.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പങ്കുവെക്കുന്ന ചരിത്രം, സാംസ്‌കാരിക ബന്ധങ്ങള്‍, ജനങ്ങളുടെ അഭിലാഷങ്ങള്‍ എന്നിവയില്‍ അധിഷ്ടിതമാണെന്ന് മോഡി ചൂണ്ടിക്കാട്ടി. വികസന മുന്‍ഗണനകളിലെ സാമ്യം ഭാവിയിലെ സഹകരണത്തിന് വഴികാട്ടിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അടുത്ത് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും മോഡി പ്രകടിപ്പിച്ചു. കണക്റ്റിവിറ്റി, വ്യാപാരം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഊര്‍ജം, ആരോഗ്യരംഗം, സാംസ്‌കാരികജനതല ഇടപെടല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥകളാണെന്നും പരസ്പര വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും സമൃദ്ധിക്കും പ്രേരകശക്തികളാകാമെന്നും മോഡി അഭിപ്രായപ്പെട്ടു. റഹ്മാനും ഭാര്യ ഡോ. സുബൈദ റഹ്മാനും മകള്‍ സൈമയുമൊപ്പമുളള ഇന്ത്യാ സന്ദര്‍ശനത്തിനായി ഔദ്യോഗിക ക്ഷണവും അദ്ദേഹം നല്‍കി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓം ബിര്‍ളയുടെ സാന്നിധ്യം പുതിയ ഭരണകൂടവുമായി ഇന്ത്യയുടെ ഇടപെടലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ലണ്ടനിലെ പ്രവാസജീവിതത്തിനുശേഷം മാതാവ് ഖാലേദ സിയയുടെ നിര്യാണത്തിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ റഹ്മാന്റെ ഉയര്‍ച്ച ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ പുതിയ അധ്യായമായി കണക്കാക്കപ്പെടുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് മോഡിയുടെ ക്ഷണം; 'ഇന്ത്യയിലേക്ക് ഊഷ്മള സ്വാഗതം'
