ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയൊരധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. ഹരിത ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പായി മാറുന്ന അത്യാധുനിക പരിസ്ഥിതി സൗഹൃദ ട്രെയിന്‍ ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പൂര്‍ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ട്രെയിന്‍ ആദ്യ ഘട്ടത്തില്‍ ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിലാണ് (ഏകദേശം 89 കിലോമീറ്റര്‍ ദൂരം) സര്‍വീസ് നടത്തുക.
ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ചൈന, യുഎസ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വിജയകരമായി ഓടിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്നതോടെ അത്യാധുനിക സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും.
ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പദ്ധതി. 2030-ഓടെ ഇന്ത്യന്‍ റെയില്‍വേയെ പൂര്‍ണമായും കാര്‍ബണ്‍ രഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയെ കുതിച്ചുചാട്ടമാണിത്. പൈലറ്റ് പ്രോജക്റ്റ് വിജയകരമാകുന്നതോടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളായ ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക്ക-ഷിംല തുടങ്ങിയ പൈതൃക മലയോര പാതകളിലും ഹൈഡ്രജന്‍ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പരമ്പരാഗത ഡീസല്‍ ട്രെയിനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത സാങ്കേതികവിദ്യയാണ് ഹൈഡ്രജന്‍ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹാനികരമായ പുകയോ കാര്‍ബണ്‍ വാതകങ്ങളോ ഈ ട്രെയിന്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നില്ല. ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാണ് ട്രെയിന്‍ ഓടുന്നത്. ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പുറത്തുവരുന്നത് നീരാവിയും ജല കണികകളും മാത്രമാണ്.
ഭീമന്‍ ഡീസല്‍ എന്‍ജിനുകളെപ്പോലെ വലിയ ശബ്ദകോലാഹലങ്ങള്‍ ഈ ട്രെയിനുകള്‍ ഉണ്ടാക്കുന്നില്ല. വളരെ കുറഞ്ഞ ശബ്ദത്തില്‍ സുഗമമായി സഞ്ചരിക്കാന്‍ കഴിയുമെന്നത് യാത്രക്കാര്‍ക്കും ട്രാക്കിന് സമീപം താമസിക്കുന്നവര്‍ക്കും വലിയ ആശ്വാസമാകും. ട്രെയിനിന്റെ മുകള്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഹൈഡ്രജന്‍ സംഭരണികളില്‍ നിന്നാണ് ഇന്ധനം ഫ്യുവല്‍ സെല്ലുകളിലേക്ക് എത്തിക്കുന്നത്. ഇത് ആവശ്യാനുസരണം ഉയര്‍ന്ന അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും ട്രെയിനിന്റെ മോട്ടോറുകളെ ചലിപ്പിക്കുകയും ചെയ്യുന്നു.
ഒരേസമയം 2600 പേര്‍ക്ക് സഞ്ചരിക്കാനുള്ള സംവിധാനമാണ് നിലവില്‍ ട്രെയിനിലുള്ളത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകുമെങ്കിലും നിലവില്‍ 75 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ ഓടിക്കുക. ജിന്ദില്‍ പ്രത്യേക ഹൈഡ്രജന്‍ ഉത്പാദന, റീഫ്യുവലിങ് പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജന്‍ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനം ഇവിടെയുണ്ട്.
