എവിയാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അതീവ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയിൽ നിരവധി ഇന്ത്യൻ നാവികർ അപകടസാധ്യത നേരിടുന്ന സാഹചര്യത്തിലാണ് മോഡിയുടെ ഇടപെടൽ. സമീപകാല ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതും ഇന്ത്യയുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
'ആഗോള സമുദ്രവ്യാപാര മേഖലയിൽ ലക്ഷക്കണക്കിന് ഇന്ത്യൻ നാവികർ പ്രവർത്തിക്കുന്നുണ്ട്. അവരുടെ സുരക്ഷ ഇന്ത്യയ്ക്ക് അതീവ പ്രാധാന്യമുള്ളതാണ്,' മോഡി ട്രംപിനോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുന്നതും നാവിക ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും ഏത് സമാധാന കരാറിന്റെയും ഭാഗമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ മോഡി അഭിനന്ദിക്കുകയും മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി, വിഷയത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിഹാരത്തിനായി ശ്രമങ്ങൾ പരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഭാവിയിൽ ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മോഡിയെ 'കടുത്ത ചർച്ചക്കാരൻ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുടെ സുരക്ഷയ്ക്കായി അമേരിക്ക എപ്പോഴും ഒപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. 'ഇന്ത്യ ആക്രമിക്കപ്പെട്ടാൽ ഞങ്ങൾ സഹായത്തിനുണ്ടാകും,' എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഹോർമുസിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ പ്രധാനമെന്ന് മോഡി; ട്രംപുമായി ജി7 വേദിയിൽ ചർച്ച
