നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി വിമാനത്താവളത്തിൽ കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍

നീറ്റ് പരീക്ഷാര്‍ഥികള്‍ ബുദ്ധിമുട്ടരുത്; പ്രധാനമന്ത്രി വിമാനത്താവളത്തിൽ കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍


ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാത്തിരുന്നത് മുക്കാൽ മണിക്കൂർ. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഔദ്യോ​ഗിക വസതിയിലേക്കുള്ള മടക്കയാത്രയാണ് വൈകിപ്പിച്ചത്. തൻ്റെ യാത്രയ്ക്കായുള്ള മുന്നൊരുക്കം മൂലം ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതലെടുത്താണ് പ്രധാനമന്ത്രിയുടെ നടപടി. 

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ ഉച്ചയ്ക്ക് 1.15 ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 2 മണിവരെയാണ് വിമാനത്താവളത്തിൽ കാത്തിരുന്നത്. രാജ്യതലസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിർണായകമായ ആ സമയത്ത് നഗരത്തിലെ ഗതാഗതം സുഗമമായി നിലനിർത്തുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

സാധാരണ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളും താൽക്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്താറുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പുനപരീക്ഷ ആരംഭിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി മോദി വിമാനത്താവളത്തിൽ നിന്ന് തന്റെ ഔദ്യോഗിക വസതിയിലേക്ക് തിരിച്ചത്.

നേരത്തെ നടന്ന പരീക്ഷയിൽ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിക്കപ്പെട്ടതിനെ തുടർന്ന് മുൻപത്തെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് രാജ്യത്തുടനീളം ഈ നീറ്റ് യു.ജി പുനപരീക്ഷ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്.