ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുകയാണെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ ചുമത്തിയ താരിഫിനെ ചൊല്ലി ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര സംഘര്‍ഷം നടക്കവെയാണ് ഈ പരാമര്‍ശം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ കൂടുതല്‍ ശക്തമായി തുടരുമെന്നും എല്ലാ രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, ചിലി, പെറു, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായി പുതിയ വ്യാപാര ക്രമീകരണങ്ങള്‍ തുടരുകയാണെങ്കിലും പുതിയ കാര്യങ്ങള്‍ സംഭവിക്കുമെന്നും മന്ത്രി വിശദമാക്കി. യു എസുമായുള്ള ഉഭയകക്ഷി കരാറിനെക്കുറിച്ച് സംഭാഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയതിന് ശേഷമാണ് ഈ പരാമര്‍ശം.
യുഎസിന് ശക്തമായ സന്ദേശമായി ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രപരമായ എതിരാളികളായ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവരുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഈ യാത്ര ഫലപ്രദമെന്നാണ് മോഡി വിശേഷിപ്പിച്ചത്.
പ്രധാന ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ നിലപാട് ഊന്നിപ്പറഞ്ഞുവെന്നും ഈ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും ചൈനീസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദിയെന്നും അദ്ദേഹം എഴുതി.
എസ്സിഒ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും ചൈനയും എതിരാളികളല്ല വികസന പങ്കാളികളാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. കൂടാതെ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളിലേക്ക് വളരരുതെന്നും ചൂണ്ടിക്കാട്ടി.
റഷ്യയില്‍ നിന്ന് വിലക്കുറവില്‍ എണ്ണ വാങ്ങാനുള്ള ന്യൂഡല്‍ഹിയുടെ തീരുമാനത്തിന്റെ പേരിലാണ് യു എസ് ഇന്ത്യന്‍ കയറ്റുമതിയില്‍ 50 ശതമാനം തീരുവ ചുമത്തിയത്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന് ഇന്ത്യ ധനസഹായം നല്‍കുന്നുവെന്ന് യു എസ് ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു.
റഷ്യന്‍ എണ്ണ വിലക്കുറവില്‍ വാങ്ങുന്നതിലൂടെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ചത് ചെയ്യുന്നുണ്ടെന്ന് ഇന്ത്യ പറയുന്നു.
വാഷിംഗ്ടണിന്റെ താരിഫ് അമേരിക്കയിലേക്കുള്ള നിരവധി ഇന്ത്യന്‍ കയറ്റുമതികളെ അപകടത്തിലാക്കിയിട്ടുണ്ട്. കാരണം ന്യൂഡല്‍ഹിയുടെ പ്രാദേശിക എതിരാളികളായ ബംഗ്ലാദേശ്, ചൈന എന്നിവ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളെ അപേക്ഷിച്ച് അവ കൂടുതല്‍ ചെലവേറിയതായിത്തീരും.