യു എസുമായുള്ള വ്യാപാര കരാറില്‍ പൗരന്മാര്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് പീയൂഷ് ഗോയല്‍

യു എസുമായുള്ള വ്യാപാര കരാറില്‍ പൗരന്മാര്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് പീയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്ഥിരീകരിക്കുകയും ചെയ്ത ഇന്ത്യഅമേരിക്ക വ്യാപാര കരാറിന്റെ വ്യാപ്തിയെയും വിശദാംശങ്ങളെയും കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയില്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു. ഈ കരാര്‍ വിപുലമായ ഗുണഫലങ്ങള്‍ നല്‍കുമെന്ന് ഗോയല്‍ അവകാശപ്പെട്ടു.

കരാര്‍ 140 കോടി ഇന്ത്യക്കാരായ എല്ലാവര്‍ക്കും  ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ലോക്‌സഭയിലെ തടസങ്ങള്‍ മൂലം അത് ഒഴിവാക്കിയതായി അദ്ദേഹം വ്യക്തമാക്കി.

കരാര്‍ പല മേഖലകള്‍ക്കും ഗുണം ചെയ്യുമെന്ന് ആവര്‍ത്തിച്ചെങ്കിലും പ്രത്യേക വ്യവസ്ഥകള്‍ ഗോയല്‍ വെളിപ്പെടുത്തിയില്ല. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും യഥാസമയം സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.

വ്യാപാര കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മോഡിയുടെയും അമേരിക്കന്‍ പ്രസിഡന്റിന്റെയും വ്യക്തിഗത സൗഹൃദമാണ് നിര്‍ണായകമായതെന്ന് ഗോയല്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ച കരാര്‍ നേടാന്‍ പ്രധാനമന്ത്രി മോഡി ഡൊണാള്‍ഡ് ട്രംപുമായുള്ള സൗഹൃദം ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കരാറിന് മുമ്പ് ഇന്ത്യ നേരിട്ട വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസങ്ങളോളം സാധിക്കാതിരുന്ന കരാറാണ് പ്രധാനമന്ത്രി മോഡിയുടെ സൗഹൃദം ഉപയോഗിച്ച് നേടിയത്. ഇത് ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിയെയും പാല്‍ വ്യവസായത്തെയും ബാധിച്ചേക്കുമെന്ന ആശങ്കകള്‍ ഗോയല്‍ നിഷേധിച്ചു.

പ്രധാനമന്ത്രി മോഡി എപ്പോഴും കൃഷിയെയും പാല്‍ മേഖലയെയും സംരക്ഷിച്ചിട്ടുണ്ടെന്നും അവയ്ക്ക് ദോഷമുണ്ടാകാതിരിക്കാന്‍ ഉറപ്പ് നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, വസ്ത്രം, സമുദ്ര ഉത്പന്നങ്ങള്‍, രത്‌ന ആഭരണ മേഖലകള്‍ക്കും ഗുണമുണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.

പിന്നാലെ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷ നേതാക്കളെയും കടുത്ത ഭാഷയില്‍ ഗോയല്‍ വിമര്‍ശിച്ചു.

രാഹുല്‍ ഗാന്ധി നെഗറ്റീവ് ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍  ഡി എം കെ, ടി എം സി എന്നിവരായാലും ഇത്രയും മേഖലകള്‍ക്ക് ഗുണം ചെയ്യുന്ന ഒരു കരാര്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സമീപനത്തെ ദേശവിരുദ്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ പൗരന്മാര്‍ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, സ്റ്റാലിന്‍, കനിമൊഴി, അഖിലേഷ് യാദവ് എന്നിവരോട് അവരുടെ ഉത്തരവാദിത്വമെന്താണെന്ന് ചോദിക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് അദ്ദേഹം പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. 

നേരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ കൃഷിയെ ചര്‍ച്ച ചെയ്യാനാകാത്ത റെഡ് ലൈന്‍ ആയി വിശേഷിപ്പിച്ചിരുന്നുവെങ്കിലും അമേരിക്കന്‍ കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പുതിയ കരാറിനെ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറക്കുന്ന വലിയ മുന്നേറ്റമെന്നാണ്  വിശേഷിപ്പിച്ചത്.

ഇന്ത്യ- യു എസ് കരാറുമായി ബന്ധപ്പെട്ട് ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ നരേന്ദ്ര മോഡിയെ 'ചരിത്രം സൃഷ്ടിച്ച വ്യക്തി' എന്നു പ്രശംസിച്ചപ്പോള്‍  പ്രതിപക്ഷം ആരോപിച്ചത് 'രാജ്യം വിറ്റുകളഞ്ഞു' എന്നാണ്. കരാറിന്റെ പൂര്‍ണ രൂപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എം പി ജയറാം രമേഷ് ആവശ്യപ്പെട്ടു.