ന്യൂഡല്‍ഹി: സൂറിച്ച് വിമാനത്താവളത്തില്‍ പ്രീ-ഫ്‌ളൈറ്റ് മദ്യപരിശോധനയില്‍ പരാജയപ്പെട്ട എയര്‍ ഇന്ത്യ ഫസ്റ്റ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ആറിന് സൂറിച്ചില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എ ഐ 151 വിമാനത്തിലെ സഹപൈലറ്റിനെയാണ് സംഭവത്തെ തുടര്‍ന്ന് നടപടിക്ക് വിധേയനാക്കിയത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പൈലറ്റില്‍നിന്ന് മദ്യത്തിന്റെ ഗന്ധം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍നിന്ന് പൈലറ്റിനെ മാറ്റി. പ്രാഥമിക മദ്യപരിശോധനയില്‍ ഇയാള്‍ പരാജയപ്പെടുകയായിരുന്നു. സൂറിച്ചില്‍ നടത്തിയ രണ്ടാം പരിശോധനയുടെ ഫലം ലഭിക്കാനുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പൈലറ്റിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ വിമാനം നിശ്ചിത സമയത്ത് സര്‍വീസ് നടത്താനായില്ല.
പൈലറ്റിനെ പിന്നീട് യാത്രക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അന്തിമ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുകയും അന്വേഷണം പൂര്‍ത്തിയാകുകയും ചെയ്യുന്നതുവരെ സസ്പെന്‍ഷന്‍ തുടരും.
സ്വിസ് വ്യോമയാന ചട്ടങ്ങള്‍ പ്രകാരം പൈലറ്റിനെതിരെ നടപടി സ്വീകരിച്ചതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ ഓഫിസ് ഓഫ് സിവില്‍ ഏവിയേഷന്‍ (എഫ് ഒ സി എ) അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡി ജി സി എ)യും അറിയിച്ചു. എയര്‍ ഇന്ത്യയുടെ രാജ്യാന്തര റെഗുലേറ്റര്‍ എന്ന നിലയില്‍ കേസില്‍ തുടര്‍നടപടി ഡി ജി സി എയ്ക്കാണെന്നും എഫ് ഒ സി എ വ്യക്തമാക്കി.
സംഭവത്തില്‍ ഡി ജി സി എ പരിശോധന നടത്തി. ഇത്തരം ചട്ടലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായാണ് വിവരം.
സുരക്ഷാ, നിയന്ത്രണ, കമ്പനി പ്രോട്ടോക്കോളുകളുടെ ലംഘനങ്ങളോട് എയര്‍ ഇന്ത്യക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. സ്ഥിരീകരിക്കപ്പെടുന്ന ചട്ടലംഘനങ്ങളില്‍ ബന്ധപ്പെട്ട വ്യോമയാന നിയമങ്ങളും കമ്പനിയുടെ നയങ്ങളും അനുസരിച്ച് നടപടിയെടുക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ എ ഐ 2379 വിമാനത്തിന്റെ പൈലറ്റ് സൈക്കോആക്ടീവ് വസ്തുവിന്റെ ഉപയോഗത്തില്‍ പോസിറ്റീവായ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഒഡിഷയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിച്ചതിനെ തുടര്‍ന്ന് 20ലേറെ യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് വിമാനത്തിന്റെ ക്യാപ്റ്റന്‍ സൈക്കോആക്ടീവ് വസ്തുവിന്റെ ഉപയോഗത്തില്‍ പോസിറ്റീവായതായി കണ്ടെത്തിയത്.
