ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഉയർത്തി. ലിറ്ററിന് 90 പൈസ വീതമാണ് പുതിയ വർധന. നാല് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
പുതിയ നിരക്കുപ്രകാരം കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 109.73 രൂപയായി. ഡീസൽ വില 98.63 രൂപയായും ഉയർന്നു.
ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ വില 97.77 രൂപയിൽ നിന്ന് 98.64 രൂപയായി വർധിച്ചു. ഡീസൽ വില 90.67 രൂപയിൽ നിന്ന് 91.58 രൂപയായും ഉയർന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. മുംബൈയിൽ പെട്രോൾ വില 107.59 രൂപയായി. ഡീസൽ വില 94.08 രൂപയിലേക്കും ഉയർന്നു.
ഗീഹസമമേയിൽ പെട്രോളിന് 96 പൈസയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ വില 109.70 രൂപയായി. ഡീസൽ വില 96.07 രൂപയിലെത്തി.
ചെന്നൈയിൽ പെട്രോൾ വില 104.49 രൂപയായും ഡീസൽ വില 96.11 രൂപയായും വർധിച്ചു.
തുടർച്ചയായ ഇന്ധനവില വർധന സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനും ഗതാഗത മേഖലയ്ക്കും കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുകയാണ്.
വീണ്ടും ഇന്ധനവില വർധന; നാല് ദിവസത്തിനിടെ രണ്ടാം കൂട്ടൽ, ലിറ്ററിന് 90 പൈസ കൂടി
