യു ജി സി ചട്ടങ്ങളിലെ ജാതിവിവേചന നിര്‍വചനം ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി

യു ജി സി ചട്ടങ്ങളിലെ ജാതിവിവേചന നിര്‍വചനം ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് അടുത്തിടെ വിജ്ഞാപനം ചെയ്ത യു ജി സി ചട്ടങ്ങള്‍ 2026-ലെ ജാതിവിവേചന നിര്‍വചനം ചോദ്യം ചെയ്ത് സുപ്രം കോടതിയില്‍ ഹര്‍ജി. യു ജി സി ചട്ടങ്ങളിലെ റഗുലേഷന്‍ 3(സി) സംവരണ വിഭാഗങ്ങളില്‍പ്പെടാത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വിനീത് ജിന്‍ഡാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍  ജാതിവിവേചനം എന്നത് പട്ടികജാതി (എസ് സി) പട്ടികവര്‍ഗം (എസ് ടി), പിന്നാക്കവര്‍ഗങ്ങള്‍ (ഒ ബി സി) എന്നിവര്‍ക്കെതിരായ വിവേചനമായി മാത്രം നിര്‍വചിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. ഇതിലൂടെ 'ജനറല്‍' അല്ലെങ്കില്‍ സംവരണമില്ലാത്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അവരുടെ ജാതിചിഹ്നത്തിന്റെ പേരില്‍ ഉപദ്രവമോ പക്ഷപാതമോ നേരിടേണ്ടി വന്നാല്‍ സ്ഥാപനതല സംരക്ഷണവും പരാതിപരിഹാര സംവിധാനങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജാതിവിവേചനത്തിന്റെ പരിധി എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ യു ജി സി ഭരണഘടനാവിരുദ്ധമായ സംരക്ഷണക്രമം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നിലവിലെ 'വിലക്കേറിയ രൂപത്തിലുള്ള' ഈ വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ചട്ടം ഭരണഘടനയുടെ അനുഛേദം 14 (സമത്വാവകാശം), 15(1) (മതം, ജാതി, വര്‍ഗം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വിവേചനം നടത്തരുതെന്ന വ്യവസ്ഥ) എന്നിവ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. കൂടാതെ, മാന്യതയോടെ ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടുന്ന അനുഛേദം 21 (ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം) ലംഘിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.

റഗുലേഷന്‍ 3(സി) നിലവിലെ രൂപത്തില്‍ നടപ്പാക്കുന്നത് തടയണമെന്ന ഇടക്കാല ഉത്തരവിനായും ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചു. ജാതിവിവേചനം എന്നത് ജാതിനിരപേക്ഷവും ഭരണഘടനാനുസൃതവുമായ രീതിയില്‍ പുനര്‍നിര്‍വചിക്കണമെന്ന നിര്‍ദ്ദേശവും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

ജാതിയുടെ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്ന എല്ലാ വ്യക്തികള്‍ക്കും അവരുടെ പ്രത്യേക ജാതിചിഹ്നം പരിഗണിക്കാതെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ജാതിവിവേചനത്തിന്റെ നിര്‍വചനമെന്ന് ഹര്‍ജിയില്‍ പറയുന്നു.

ചട്ടങ്ങള്‍ പുനഃപരിശോധിക്കുന്നതുവരെ ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച 'ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി സെന്ററുകള്‍', 'ഇക്വിറ്റി ഹെല്‍പ്ലൈന്‍', 'ഒംബുഡ്‌സ്‌പേഴ്‌സണ്‍' സംവിധാനങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിവേചനമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോടും യു ജി സിയോടും ഇടക്കാല നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.