പാക് മന്ത്രിക്കും സംഘത്തിനും താജ്മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദീൻ ദർ​ഗ സന്ദർശിക്കാൻ അനുമതി നൽകിയിട്ടില്ല

പാക് മന്ത്രിക്കും സംഘത്തിനും താജ്മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദീൻ ദർ​ഗ സന്ദർശിക്കാൻ അനുമതി നൽകിയിട്ടില്ല


ന്യൂഡൽഹി: ഷാംഗ്ഹായ് സഹകരണ സംഘടന സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എന്നാൽ ദേശീയ തലസ്ഥാനത്തെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അവരുടെ നിർദ്ദേശത്തിന് സുരക്ഷാ ക്ലിയറൻസ് നൽകിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാന്‍റെ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി മുസദിക് മസൂദ് മാലിക് നയിക്കുന്ന സംഘം, ഹുമയൂണിന്‍റെ മഖ്ബറ, ഡൽഹി ഹാട്ട് എന്നിവയുൾപ്പെടെ ഡൽഹിയിൽ സുരക്ഷാ ക്ലിയറൻസ് ലഭിച്ച മറ്റ് സ്ഥലങ്ങളും സന്ദർശിക്കും.

എസ്‌സിഒയുടെ ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാനാണ് മുസാദിഖ് മാലിക് ഡല്‍ഹിയിലെത്തിയത്. 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് സമ്മേളനം നടക്കുന്നത്. 2023ല്‍ ഗോവയില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറല്‍ മന്ത്രിയാണ് മുസാദിഖ് മാലിക്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവ് കൂടിയാണ് അദ്ദേഹം. 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.

ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണ് എസ്‌സിഒ. 2001ലെ ഷാങ്ഹായ് ഉച്ചകോടിയോടെയാണ് സംഘടന രൂപവത്കരിച്ചത്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖ്‌സ്ഥാന്‍, താജികിസ്താന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. 2023ല്‍ ഇറാനും അംഗത്വമെടുത്തു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക സംവാദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിവിലൈസേഷണല്‍ ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നത്.