ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിട്ടാണ് പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക് വർദ്ധിപ്പിച്ചത്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് വരുത്തിയത്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാൽ പാസ്പോർട്ടിന്റെ ഫീസ് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.
പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2012ലാണ് ഇതിന് മുൻപ് പാസ്പോർട്ട് ഫീസിൽ മാറ്റം വരുത്തിയത്. പാസ്പോർട്ട് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയി പാസ്പോർട്ടിന് പകരം പുതിയതിന് അപേക്ഷിക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കും നിരക്ക് വർദ്ധന ബാധകമാണ്. ഇന്ത്യയിലെ അപേക്ഷകർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്കും മാറ്റം ബാധകമാണ്. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്.
ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് 'യാത്രാരേഖ' മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് വിവാദമായതിനിടയിലാണ് ഫീസ് വർദ്ധനവ്. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്‌പോർട്ടിനെ താരതമ്യം ചെയ്യരുതെന്നാണ് അധികൃതരുടെ വിശദീകരണം. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്‌പോർട്ട് നൽകുന്നത്. എന്നാൽ ഇത് ഒരാളുടെ ഇന്ത്യൻ പൗരത്വത്തിനുള്ള അന്തിമ തെളിവല്ല. പാസ്‌പോർട്ടിൽ വ്യക്തമാക്കുന്നത് പോലെ, ഈ രേഖ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ആവശ്യപ്പെടുന്ന പക്ഷം ഇത് സർക്കാരിലേക്ക് തിരികെ നൽകാൻ കൈവശക്കാരൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇത് വലിയ നിയമ പ്രശ്നത്തിലേക്കാണ് കടക്കുന്നതെന്നാണ് കപിൽ സിബൽ അടക്കമുള്ള നിയമവിദഗ്ധർ പറയുന്നത്.
പാസ്പോർട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്രം; വർദ്ധന ജൂലൈ 1 മുതൽ
