റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക്കിസ്ഥാൻ വാദം പൊളിഞ്ഞു; 36 വിമാനങ്ങളും സേവനത്തിലുണ്ടെന്ന് ഐ.എ.എഫ് രേഖ

റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാക്കിസ്ഥാൻ വാദം പൊളിഞ്ഞു; 36 വിമാനങ്ങളും സേവനത്തിലുണ്ടെന്ന് ഐ.എ.എഫ് രേഖ


ന്യൂഡൽഹി:  'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യയുടെ നിരവധി റഫാൽ യുദ്ധവിമാനങ്ങൾ തകർത്തുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം വീണ്ടും തള്ളി ഇന്ത്യൻ വ്യോമസേനയുടെ (IAF) ഔദ്യോഗിക രേഖ. റഫാൽ വിമാനങ്ങളുടെ പരിപാലനത്തിനും സാങ്കേതിക പിന്തുണയ്ക്കുമായി പുറത്തിറക്കിയ ടെൻഡർ രേഖയിൽ ഇന്ത്യയുടെ 36 റഫാൽ വിമാനങ്ങളും നിലവിൽ സേവനത്തിലുണ്ടെന്ന് വ്യക്തമാകുന്നതോടെയാണ് പാക്കിസ്ഥാന്റെ പ്രചാരണം ചോദ്യം ചെയ്യപ്പെടുന്നത്.

വ്യോമസേന ആസ്ഥാനത്ത് നിന്ന് അടുത്തിടെ പുറത്തിറക്കിയ 'റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ' (RFP) പ്രകാരം, ഇന്ത്യ കൈവശമുള്ള 36 റഫാൽ വിമാനങ്ങൾക്കായി അഞ്ചുമാസത്തെ 'ബ്രിഡ്ജ് സപ്പോർട്ട്' സേവനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണി, സ്‌പെയർ പാർട്‌സ്, സാങ്കേതിക സഹായം, ലോജിസ്റ്റിക് പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

2026 സെ്ര്രപംബറിന് ശേഷവും റഫാൽ വിമാനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനായി ഏകദേശം 2,250 മണിക്കൂർ പറക്കൽ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ഈ പിന്തുണാ പദ്ധതി ഒരുക്കിയിരിക്കുന്നത്.

'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യയുടെ ഒന്നിലധികം റഫാൽ വിമാനങ്ങൾ വെടിവച്ച് വീഴ്ത്തിയെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ വിമാനങ്ങൾ നഷ്ടമായിരുന്നുവെങ്കിൽ ടെൻഡർ രേഖയിൽ റഫാൽ വിമാനങ്ങളുടെ എണ്ണം 36 ആയി രേഖപ്പെടുത്താനാകില്ലെന്നതാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

ഇതിനുമുമ്പും പാക്കിസ്ഥാൻ 'തകർത്തു' എന്ന് അവകാശപ്പെട്ട ചില റഫാൽ വിമാനങ്ങൾ പിന്നീട് പരിശീലനഓപ്പറേഷൻ പറക്കലുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇതോടെ പാക്കിസ്ഥാന്റെ വാദങ്ങൾ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ പാക്കിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്തുന്നതിൽ റഫാൽ വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ ആവർത്തിക്കുന്നു. യുദ്ധത്തിനിടെ റഫാൽ വിമാനങ്ങൾ ഒന്നും നഷ്ടമായിട്ടില്ലെന്ന നിലപാടും ഇന്ത്യ തുടർച്ചയായി സ്വീകരിച്ചിരുന്നു.

അതേസമയം, ഫ്രാൻസിൽ നിന്ന് കൂടുതൽ 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 'മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ്' (MRFA) പദ്ധതിയും ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ചർച്ചകളിലും ഈ വിഷയം പ്രധാനമായി ഉയർന്നിരുന്നു.

പുതിയ പദ്ധതിപ്രകാരം 18 വിമാനങ്ങൾ നേരിട്ട് എത്തിക്കാനും ശേഷിക്കുന്നവ ഇന്ത്യയിൽ തന്നെ 'മേക്ക് ഇൻ ഇന്ത്യ' മാതൃകയിൽ നിർമിക്കാനുമാണ് സാധ്യത. ഏകദേശം 50 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തി സഹനിർമാണം, സഹരൂപകൽപന, സഹഉത്പാദനം എന്നിവയ്ക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നത്.