ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനിടെ താജ്മഹലും നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച പാക് കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക്കിന് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് മന്ത്രിക്ക് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എസ്‌സിഒയുടെ ആദ്യ സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാനാണ് മുസാദിഖ് മാലിക് ഡല്‍ഹിയിലെത്തിയത്. 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് സമ്മേളനം നടക്കുന്നത്.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ ആഗ്രയിലെ താജ്മഹലും ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കാന്‍ മാലിക് അനുമതി തേടിയിരുന്നു. എന്നാല്‍ എസ്‌സിഒ പരിപാടിക്ക് പുറമെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ ഗോവയില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിന് ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പാക് ഫെഡറല്‍ മന്ത്രിയാണ് മുസാദിഖ് മാലിക്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ പാക് നേതാവ് കൂടിയാണ് അദ്ദേഹം. 2025ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
ചൈന, റഷ്യ, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയാണ് എസ്‌സിഒ. 2001ലെ ഷാങ്ഹായ് ഉച്ചകോടിയോടെയാണ് സംഘടന രൂപവത്കരിച്ചത്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാഖ്‌സ്ഥാന്‍, താജികിസ്താന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നിവയാണ് സ്ഥാപക രാജ്യങ്ങള്‍. 2017ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. 2023ല്‍ ഇറാനും അംഗത്വമെടുത്തു. അംഗരാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക സംവാദവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിവിലൈസേഷണല്‍ ഡയലോഗ് ഫോറം സംഘടിപ്പിക്കുന്നത്.
താജ്മഹലും നിസാമുദീൻ ദർഗയും കാണണമെന്ന് പാക് മന്ത്രി; അനുമതി നിഷേധിച്ച് കേന്ദ്രം
