ഇന്ത്യ തകര്‍ത്ത 72 ഭീകര കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ പുനര്‍ നിര്‍മിച്ചതായി ബി എസ് എഫ്

ഇന്ത്യ തകര്‍ത്ത 72 ഭീകര കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ പുനര്‍ നിര്‍മിച്ചതായി ബി എസ് എഫ്


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരകേന്ദ്രങ്ങളില്‍ 72 എണ്ണം പാക്കിസ്ഥാന്‍ പുനര്‍നിര്‍മിച്ചതായി ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബി എസ് എഫ്) പറഞ്ഞു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ഇന്ത്യ മെയ് 7ന് ഓപ്പറേഷന്‍ സിന്ദൂറിനു തുടക്കമിട്ടത്. തുടര്‍ന്ന് പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നു.

ആറ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുകയും വീണ്ടും സജീവമാക്കുകയും ചെയ്തിരിക്കുകയാണെന്ന് ബി എസ് എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ അശോക് യാദവും ഡി ഐ ജി കുല്‍വന്ത് രാജ് ശര്‍മയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ ഭീകരകേന്ദ്രങ്ങളുടെയും അവയിലുള്ള ഭീകരവാദികളുടെയും കണക്കുകള്‍ മാറിക്കൊണ്ടിരിക്കുമെന്നും ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരര്‍ അവിടെ സ്ഥിരമായി താമസിക്കാറില്ല. ഭീകരവാദികളെ ഇന്ത്യയിലേക്കു തള്ളിവിടേണ്ടി വരുമ്പോള്‍ ഈ കേന്ദ്രങ്ങള്‍ പൊതുവേ സജീവമായിരിക്കും.

ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാന്‍ പലപ്പോഴും അതിര്‍ത്തി കടന്ന് തീവ്രവാദികളെ തള്ളിവിടാന്‍ ശ്രമിക്കാറുണ്ടെന്ന് അശോക് യാദവ് കൂട്ടിച്ചേര്‍ത്തു. ശൈത്യ കാലത്ത് ദൃശ്യപരത കുറവാണെങ്കിലും തങ്ങള്‍ക്ക് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. എല്ലാ നുഴഞ്ഞുകയറ്റ ശ്രമങ്ങളും തടയുക എന്നതാണ് ലക്ഷ്യമെന്ന് അശോക് യാദവ് പറഞ്ഞു.