ന്യൂഡല്‍ഹി: 'വോട്ട് ചോരി' ആരോപണവും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യവും ഉന്നയിച്ച് പ്രതിപക്ഷം തിങ്കളാഴ്ച സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യാ ഗേറ്റില്‍ ഒത്തുചേരുന്ന പ്രതിപക്ഷ നേതാക്കള്‍ വൈകിട്ട് നാലിന് ശേഷം സുപ്രിം കോടതിയിലെത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാനാണ് തീരുമാനം. പ്രതിഷേധത്തിന്റെ അടുത്ത ഘട്ടത്തില്‍ പങ്കുചേരാന്‍ പൊതുജനങ്ങളോടും നേതാക്കള്‍ ആഹ്വാനം ചെയ്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി)യുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ സുരക്ഷാസേന അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആയിരക്കണക്കിന് പ്രതിഷേധക്കാരെ തടയാന്‍ സുരക്ഷാസേന നടപടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഇന്ത്യാ സഖ്യത്തിന്റെ മാര്‍ച്ചില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി 'വോട്ട് മോഷണം' നടക്കുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പില്‍ ആശങ്കയുള്ള എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഗ്യാനേഷ് കുമാറിനും സംഘത്തിനുമെതിരെ ഇന്ത്യാ സഖ്യത്തിലെ എം പിമാരും നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും അണിനിരക്കുന്ന വന്‍ പ്രതിഷേധമാര്‍ച്ചാണ് ലക്ഷ്യമിടുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ സംഘം ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ട് മോഷണം അവസാനിപ്പിക്കുക, വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ് ഐ ആര്‍) നിര്‍ത്തിവയ്ക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സുപ്രിം കോടതിയിലെത്തി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എക്‌സിലൂടെ അറിയിച്ചു.
'പാര്‍ട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം എന്നിവയുടെ അതിരുകള്‍ക്കപ്പുറം ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യും. യുവാക്കളും പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ സമൂഹ സംഘടനകളും ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരും ഞങ്ങളോടൊപ്പം നടക്കും,' രാഹുല്‍ ഗാന്ധി കുറിച്ചു.
നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവല്‍, മോഹന്‍ ഭാഗവത് എന്നിവര്‍ക്ക് ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ലെന്നും ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങളെ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹവും സാഹോദര്യവും ദേശസ്‌നേഹവും ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചുനീങ്ങുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
'ഭയപ്പെടരുത്. നാളെ ഇന്ത്യ മുഴുവന്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യും,' എന്നും അദ്ദേഹം കുറിച്ചു.
ശനിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന നടപടിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിദ്വേഷമോ കോപമോ അല്ല, സ്‌നേഹമാണ് ഹൃദയത്തില്‍ നിറച്ചുകൊണ്ട് യുവാക്കള്‍ പ്രതിഷേധത്തിനെത്തിയതെന്നും എന്നാല്‍ പൊലീസിന്റെയും ബി ജെ പി പ്രവര്‍ത്തകരുടെയും മര്‍ദനത്തിന് ഇരയായെന്നും അദ്ദേഹം ആരോപിച്ചു.
വോട്ട് മോഷണം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം, വോട്ടര്‍പട്ടിക പരിഷ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
