ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്ന് 110 വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്ന് 110 വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെത്തി


ന്യൂഡല്‍ഹി: ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍നിന്നാണ് 110 ഇന്ത്യക്കാരുമായി ഓപ്പറേഷന്‍ സിന്ധൂര്‍ വിമാനം പുറപ്പെട്ടത്. ഇതില്‍ 90 പേരും ജമ്മു കശ്മീര്‍ സ്വദേശികളാണ്. ടെഹ്‌റാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റുന്ന നടപടികളുടെ ഭാഗമായാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇവരെ രാജ്യത്തെത്തിച്ചത്.

അര്‍മേനിയ വഴി രാജ്യത്തേക്ക് തിരിച്ചെത്തിയവരെ സ്വീകരിക്കാന്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കും.

ഇന്ത്യന്‍ പതാകയുമായാണ് വിമാനത്തില്‍ നിന്നും ഉര്‍മിയ സര്‍വകലാശാല വിദ്യാര്‍ഥി പുറത്തേക്ക് വന്നത്. വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുകയും ചെയ്തു. ഇറാനിലെ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്നാണ് അവിടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓപ്പറേഷന്‍ സിന്ധു എന്ന ദൗത്യത്തിലൂടെയാണ് ഇവരെ തിരികെയത്തിക്കുന്നത്. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ടെഹ്‌റാന് പുറത്തേക്ക് മാറ്റി. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. 

ജൂണ്‍ 17ന് ഇറാനിലെയും അര്‍മേനിയയിലെയും ഞങ്ങളുടെ മിഷനുകളുടെ മേല്‍നോട്ടത്തില്‍ വടക്കന്‍ ഇറാനില്‍ നിന്ന് അര്‍മേനിയയിലേക്ക് കടന്ന 110 വിദ്യാര്‍ഥികളെയാണ് തിരിച്ചെത്തിച്ചത്. യെരേവാനി നിന്ന് ഒരു പ്രത്യേക വിമാനത്തില്‍ പുറപ്പെട്ട സംഘം ജൂണ്‍ 19 ന് പുലര്‍ച്ചെ ന്യൂഡല്‍ഹിയില്‍ എത്തി. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും സുരക്ഷിതത്വത്തിനും ഇന്ത്യ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഓപ്പറേഷന്‍ സിന്ധുവുമായി സഹകരിച്ച ഇറാനിലെയും അര്‍മേനിയയിലെയും സര്‍ക്കാരുകള്‍ക്ക് അധികൃതര്‍ നന്ദി അറിയിച്ചു. സംഘര്‍ഷം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ഇന്ത്യന്‍ എംബസി നിരവധിപേരെ സഹായിച്ചു. സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് അവരെ നാട്ടിലെത്തിക്കാനുള്ള സഹായവും ചെയ്തു.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ ഇപ്പോഴുമുള്ളവര്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായും ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്


ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ടെഹ്‌റാനില്‍നിന്നും ക്വോമിലേക്ക് 600 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ചിലര്‍ സ്വമേധയാ ടെഹ്‌റാനില്‍നിന്നും വിവിധ അതിര്‍ത്തികളിലേക്ക് പോയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും