ന്യൂഡൽഹി: ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതിനെതിരെ ശക്തമായ നിലപാട് പ്രകടിപ്പിച്ച് ഇന്ത്യ. യുകെ വിളിച്ചു ചേർത്ത രാജ്യാന്തര യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയുടെ ആശങ്കകൾ മുന്നോട്ടുവച്ചത്.
അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് മിസ്രി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ വ്യാപാര കപ്പലുകൾക്കെതിരായ ആക്രമണങ്ങളിൽ നാവികരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജവിതരണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 60ലധികം രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തു. എന്നാൽ അമേരിക്ക പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്.
ഇറാൻ-അമേരിക്ക സംഘർഷം ഇന്ത്യയുടെ ഊർജസുരക്ഷയെ ബാധിക്കുന്നതായും മിസ്രി വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് യുദ്ധമല്ല, നയതന്ത്രവും സംവാദവുമാണ് വഴിയെന്നും അദ്ദേഹം ആവർത്തിച്ചു.
സംഘർഷത്തിന്റെ തുടക്കത്തിൽ തന്നെ വ്യാപാര കപ്പലുകൾക്കെതിരായ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
യോഗം രാഷ്ട്രീയനയതന്ത്ര പരിഹാരങ്ങൾക്കായാണെന്ന് യുകെ ആഭ്യന്തരമന്ത്രി വൈവെറ്റ് കൂപ്പർ വ്യക്തമാക്കി.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് മറ്റു രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന ക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാമെന്നോ, അല്ലെങ്കിൽ സ്വയം പരിഹാരം കണ്ടെത്താമെന്നുമാണ് ട്രംപ് നിർദേശിച്ചത്.
കടലിടുക്ക് ഉടൻ തുറക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ വീണ്ടും ആവർത്തിച്ചു.
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: നാവികരെ നഷ്ടമായത് ഇന്ത്യക്ക് മാത്രം, തുറക്കാൻ ആഹ്വാനം
