പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ എൻടിഎ അടിമുടി അഴിച്ചുപണിയുന്നു

പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ എൻടിഎ അടിമുടി അഴിച്ചുപണിയുന്നു


600 വിദഗ്ധരെ മാറ്റി; ചോദ്യപേപ്പർ പരിശോധനയ്ക്ക് നാല് തല സുരക്ഷാ സംവിധാനം, ഓഫീസുകളിൽ കേന്ദ്ര സേനാ സുരക്ഷ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും തുടർച്ചയായി ഉയർന്ന സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (NTA) അടിമുടി പുനഃസംഘടിപ്പിക്കാൻ കേന്ദ്രസർക്കാർ. പരീക്ഷാ സംഘത്തിലെ 600 വിദഗ്ധരെ മാറ്റി പുതിയ വിദഗ്ധരെ ഉൾപ്പെടുത്താനും ചോദ്യപേപ്പറുകളുടെ പരിശോധനയ്ക്ക് നാല് തലത്തിലുള്ള പരിശോധനാ സംവിധാനം ഏർപ്പെടുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

അടുത്ത രണ്ടുമുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ 20-25 ഉദ്യോഗസ്ഥരെ കൂടി എൻടിഎയിൽ നിയമിക്കും. തുടർന്ന് ആവശ്യാനുസരണം കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതിയും തയ്യാറാക്കും. പരീക്ഷാ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ഉത്തരവാദിത്തം വ്യക്തമായി നിർണയിക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമാണ് ജീവനക്കാരുടെ പുനഃസംഘടന.

എൻടിഎയുടെ ഓഫീസുകൾ മിന്റോ റോഡിലെ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റും. പുതിയ ഓഫീസിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യവസായ സുരക്ഷാസേനയായ സിഐഎസ്എഫ്-ന്റെ സാന്നിധ്യവും ഉറപ്പാക്കും. പരീക്ഷാ രേഖകൾ, ചോദ്യപേപ്പറുകൾ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷയ്ക്കാണ് പ്രത്യേക പ്രാധാന്യം നൽകുക.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യുജിസി-നെറ്റ് ചോദ്യപേപ്പർ സംബന്ധമായ പിഴവുകളും നീറ്റ്-യുജി പരീക്ഷയിലെ പേപ്പർ ചോർച്ചാ ആരോപണങ്ങളും എൻടിഎയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയത്.

30 ദിവസത്തിനകം തിരുത്തൽ റിപ്പോർട്ട് 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി അധ്യക്ഷനായ അവലോകന യോഗത്തിൽ പരീക്ഷാ സുരക്ഷ ശക്തമാക്കാനും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും പരിശോധനയിലും കൂടുതൽ കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകി. യുജിസി-നെറ്റ് ജൂൺ 2026 ചോദ്യപേപ്പറുകളിലെ പിഴവിനെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്തേണ്ടിവന്ന സാഹചര്യത്തിൽ എൻടിഎയുടെ മുഴുവൻ പരീക്ഷാ നടപടിക്രമങ്ങളും സമഗ്രമായി ഓഡിറ്റ് ചെയ്യാനും 30 ദിവസത്തിനകം തിരുത്തൽ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് സ്വീകരിച്ച നടപടികൾ മന്ത്രാലയത്തെ അറിയിച്ചു. പരീക്ഷാ സംഘത്തെ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി 600 വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ ഉൾപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ചോദ്യപേപ്പറുകളുടെ പരിശോധനയ്ക്ക് നാല് തലത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ ചെറിയ പിഴവുകൾ പോലും പരീക്ഷയ്ക്ക് മുമ്പ് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന, യോഗ്യതാ പരീക്ഷകളായ JEE sabn³, NEET-UG, CUET-UG, UGC-NET തുടങ്ങിയവയുടെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമാണ് എൻടിഎ. അതിനാൽ പുതിയ പരിഷ്‌കാരങ്ങൾ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിൽ നിർണായകമാകും.

പേപ്പർ ചോർച്ചയും സാങ്കേതിക പിഴവുകളും മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനൊപ്പം പരീക്ഷാ സംവിധാനത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുകയെന്നതാണ് പുതിയ പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യം.