ചോദ്യപേപ്പർ ചോർച്ച: അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് മോദി; വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് ഉറപ്പ്

ചോദ്യപേപ്പർ ചോർച്ച: അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് മോദി; വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് ഉറപ്പ്


ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് ഏറ്റവും പ്രധാനമെന്നും പരീക്ഷാ ക്രമക്കേടുകളിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിലും കർശനമായും നടപടി ഉറപ്പാക്കാൻ അതിവേഗ കോടതികൾ (ഫാസ്റ്റ് ട്രാക്ക് കോടതികൾ) സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഇതിനകം സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ് പുതിയ തീരുമാനമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും മോഡി പറഞ്ഞു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യം സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിച്ചില്ല. നീറ്റ് പരീക്ഷയെയോ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന വിദ്യാർഥികളെയോ അദ്ദേഹം പരാമർശിച്ചില്ല. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവത്തെക്കുറിച്ചും പ്രതികരണമുണ്ടായില്ല.

ഡൽഹിയിലെ ജന്തർ മന്തറിൽ ഒരു മാസത്തിലേറെയായി വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. തുടർന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും പ്രതിഷേധത്തിൽ പങ്കുചേർന്ന് നിരാഹാര സമരം ആരംഭിച്ചിരുന്നു.

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം സമരത്തിന് എന്ത് സ്വാധീനം ചെലുത്തുമെന്നത് ഇനി വ്യക്തമാകാനിരിക്കുകയാണ്.