സുപ്രീംകോടതി വിധിക്കുശേഷവും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ മാറ്റമില്ലെന്ന് ട്രംപ്

സുപ്രീംകോടതി വിധിക്കുശേഷവും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ മാറ്റമില്ലെന്ന് ട്രംപ്


വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ അടിയന്തര നികുതി നയങ്ങൾ സുപ്രീം കോടതി അസാധുവാക്കിയ സാഹചര്യത്തിലും ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇന്ത്യയുമായുള്ള ബന്ധം അതീവ സൗഹൃദപരമാണെന്നും നിലവിലെ കരാറിൽ യാതൊരു വ്യത്യാസവും ഉണ്ടാകില്ലെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഇപ്പോൾ അമേരിക്കയുമായി വ്യാപാരം തുടരുകയാണ്. കരാറിന്റെ ഭാഗമായി ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് നികുതി നൽകും. എന്നാൽ അമേരിക്ക ഇന്ത്യയ്ക്കു നികുതി നൽകേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മുൻപുണ്ടായിരുന്ന അവസ്ഥയുടെ മറുവശമാണിത് എന്നും ഇത് നീതിയുക്തമായ കരാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി ശക്തനായ നേതാവാണെന്നും ഇരുരാജ്യങ്ങളുടെയും ബന്ധം മികച്ച നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽനിന്നുള്ള എണ്ണവാങ്ങൽ ഇന്ത്യ കുറച്ചുവെന്നതും തന്റെ അഭ്യർഥന പ്രകാരമാണെന്നും, യുദ്ധാവസ്ഥ അവസാനിപ്പിക്കാൻ ഇത് സഹായകരമായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമായപ്പോൾ താൻ ഇടപെട്ട് സമാധാനം സാധ്യമാക്കിയെന്നും, ഇരുരാജ്യങ്ങൾക്കും ഉയർന്ന നികുതി ചുമത്തുമെന്ന മുന്നറിയിപ്പാണ് സമാധാനത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയും ഇന്ത്യയും അടുത്തിടെ ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖയിൽ ധാരണയിലെത്തിയിരുന്നു. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയിരുന്ന 25 ശതമാനം ശിക്ഷാനികുതി അമേരിക്ക പിൻവലിക്കുകയും, പരസ്പര നികുതി 25 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കുകയും ചെയ്തതായി അറിയിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി വന്നിട്ടും ഇന്ത്യയുമായുള്ള കരാറിൽ മാറ്റമില്ലെന്ന നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ്. ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധം തുടർന്നും ശക്തമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.