സ്ത്രീ സംവരണം ദേശീയ താൽപര്യത്തിനുവേണ്ടി: ലോക്‌സഭയിൽ പ്രധാനമന്ത്രി മോഡി

സ്ത്രീ സംവരണം ദേശീയ താൽപര്യത്തിനുവേണ്ടി: ലോക്‌സഭയിൽ പ്രധാനമന്ത്രി മോഡി


ന്യൂഡൽഹി: സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്ന സംവരണം രാഷ്ട്രീയ വിഷയമല്ല, ദേശീയ താൽപര്യവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയിൽ വ്യക്തമാക്കി. സ്ത്രീ സംവരണ ബില്ലും മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

25 മുതൽ 30 വർഷങ്ങൾക്ക് മുൻപ് തന്നെ ഈ ആശയം നടപ്പാക്കേണ്ടതായിരുന്നു എന്നും, ഇപ്പോൾ അത് പരിപക്വമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും മോഡി പറഞ്ഞു. കാലത്തിനനുസരിച്ച് നിയമങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യ 'മദർ ഓഫ് ഡെമോക്രസി'യാണ്. ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ ജനാധിപത്യം വികസനയാത്ര തുടരുകയാണ്. അതിലേക്ക് പുതിയൊരു അധ്യായം ചേർക്കാനുള്ള അവസരമാണ് നമ്മുക്കിപ്പോൾ ലഭിച്ചിരിക്കുന്നത്,' മോഡി പറഞ്ഞു.

സ്ത്രീകളിൽ വിശ്വാസം വെച്ച് അവർക്ക് തീരുമാനങ്ങൾ എടുക്കാൻ അവസരം നൽകണമെന്നും, വിഷയത്തെ രാഷ്ട്രീയവത്കരിക്കാതെ ദേശീയ കാഴ്ചപ്പാടിൽ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.