രാജിക്ക് പിന്നാലെ പാർലമെന്റിൽ പ്രധാന് ഉജ്ജ്വല സ്വീകരണം; 'ഞാൻ തെരുവുപോരാളി, എസി മുറിയിലെ പ്രവർത്തകനല്ല'

രാജിക്ക് പിന്നാലെ പാർലമെന്റിൽ പ്രധാന് ഉജ്ജ്വല സ്വീകരണം; 'ഞാൻ തെരുവുപോരാളി, എസി മുറിയിലെ പ്രവർത്തകനല്ല'


ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ച ധർമേന്ദ്ര പ്രധാന് പാർലമെന്റിലെ ആദ്യദിനത്തിൽ ബിജെപി-എൻഡിഎ അംഗങ്ങൾ ഊഷ്മള സ്വീകരണം നൽകി. മകരദ്വാർ പ്രവേശന കവാടത്തിൽ 'ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്' മുദ്രാവാക്യങ്ങളോടെയാണ് എംപിമാർ അദ്ദേഹത്തെ വരവേറ്റത്. പരമ്പരാഗത ഷാളും തലപ്പാവും അണിയിച്ചശേഷം നേതാക്കൾ അദ്ദേഹത്തെ പാർലമെന്റ് മന്ദിരത്തിലേക്ക് അനുഗമിച്ചു.

സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച വിദ്യാഭ്യാസമന്ത്രി സ്ഥാനം രാജിവച്ചത്. എന്നാൽ ബിജെപി നൽകിയ സ്വീകരണത്തെ കോൺഗ്രസ് വിമർശിച്ചു. പരീക്ഷാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജിവച്ച നേതാവിനെ മഹത്വവത്കരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇതിനിടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രധാനെ സമീപിച്ച് രാജിയെക്കുറിച്ച് അനുശോചനം അറിയിച്ചപ്പോൾ ഇരുവരും തമ്മിൽ ചെറിയ വാക്കുതർക്കവും നടന്നു. 'ഇങ്ങനെയൊക്കെ സംഭവിക്കും' എന്ന ജയറാം രമേശിന്റെ പരാമർശത്തിന്, 'ഒന്നും സംഭവിച്ചിട്ടില്ല. ഞാൻ തെരുവു പോരാളിയാണ്, എസി മുറിയിലെ പ്രവർത്തകനല്ല' എന്നായിരുന്നു പ്രധാൻ നൽകിയ മറുപടി.

ഒഡീഷയിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ ധർമേന്ദ്ര പ്രധാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് അദ്ദേഹത്തിന് പാർട്ടിയിൽ പ്രധാന സംഘടനാ ചുമതലയോ തെരഞ്ഞെടുപ്പ് ചുമതലയോ നൽകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

രാജിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.