നോര്‍വെയുടെ പരമോന്നത ബഹുമതി മോഡിക്ക് സമര്‍പ്പിച്ചു

നോര്‍വെയുടെ പരമോന്നത ബഹുമതി മോഡിക്ക് സമര്‍പ്പിച്ചു


ഓസ്ലോ: ഇന്ത്യയും നോര്‍വെയും തമ്മിലുള്ള ബന്ധം വിശ്വസനീയവും ഭാവിയെ ലക്ഷ്യമിട്ടതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിന്ന് നോര്‍വേ യഥാര്‍ഥ സൗഹൃദത്തിന്റെ മാതൃക കാട്ടിയതായും അദ്ദേഹം പറഞ്ഞു.

നോര്‍വെയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ റോയല്‍ നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് മോഡിക്ക് സമ്മാനിച്ചു. ഇന്ത്യ- നോര്‍വേ ബന്ധം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഹകരണത്തിന് നല്‍കിയ സംഭാവനകള്‍ക്കും അംഗീകാരമായാണ് ബഹുമതി നല്‍കിയത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് മോഡിക്ക് ലഭിക്കുന്ന 32-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആഗോള സ്വാധീനത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം നോര്‍വേ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് യാത്ര മാറ്റിവയ്‌ക്കേണ്ടിവന്നതായും പ്രസ്തുത ദുഷ്‌കര ഘട്ടത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നോര്‍വേ ഉറച്ച പിന്തുണ നല്‍കിയെന്നും മോഡി പറഞ്ഞു.

ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം പുതിയ 'സുവര്‍ണ കാലഘട്ടത്തിലേക്ക്' കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനും തമ്മില്‍ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന വ്യാപാര- സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യ- നോര്‍വേ സഹകരണത്തിന് പുതിയ ദിശ നല്‍കുമെന്നും മോ[ി പറഞ്ഞു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപവും 10 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് കരാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നോര്‍വേ സന്ദര്‍ശനത്തിന്റെ ഭാഗമായി മോഡി നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറെയുമായി ചര്‍ച്ചകള്‍ നടത്തി. ഓസ്ലോയിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോര്‍ജ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്.

നോര്‍വെയുടെ ആരോഗ്യമന്ത്രി യാന്‍ ക്രിസ്റ്റ്യന്‍ വെസ്‌ട്രേയും വിദേശകാര്യമന്ത്രി എസ്‌പെന്‍ ബാര്‍ത്ത് ഐഡെയും നോര്‍വീജിയന്‍ സംഘത്തെ പ്രതിനിധീകരിച്ചു.

യു എ ഇ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോഡി നോര്‍വെയിലെത്തിയത്. അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശന പര്യടനത്തിന്റെ അവസാന ഘട്ടമായി അദ്ദേഹം ഇറ്റലിയിലേക്കും യാത്രതിരിക്കും.