ലക്ഷദ്വീപിലേക്ക് ഇനി സ്‌പോണ്‍സര്‍ വേണ്ട; പൊലീസ് ക്ലിയറന്‍സും

ലക്ഷദ്വീപിലേക്ക് ഇനി സ്‌പോണ്‍സര്‍ വേണ്ട; പൊലീസ് ക്ലിയറന്‍സും


ന്യൂഡല്‍ഹി: സ്‌പോണ്‍സറും പൊലീസ് ക്ലിയറന്‍സുമില്ലാതെ ഇനി ലക്ഷദ്വീപ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ വഴി പെര്‍മിറ്റെടുക്കുന്ന ആര്‍ക്കും ലക്ഷദ്വീപില്‍ പോകാമെന്നതാണ് പുതിയ നിയമം.

https://epermit.utl.gov.in/ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ തതുല്യമായ തിരിച്ചറിയില്‍ രേഖകള്‍, താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ രേഖകള്‍ എന്നിവ നല്‍കിയാല്‍ പെര്‍മിറ്റ് ലഭിക്കും. ഒരു അപേക്ഷയില്‍ ആറു പേര്‍ക്ക് വരെ പെര്‍മിറ്റ് ലഭിക്കും. ഒരാള്‍ക്ക് 50 രൂപ വീതമാണ് അപേക്ഷാ ഫീസ്. മുതിര്‍ന്നവര്‍ക്ക് ഹെറിറ്റേജ് ഫീസുമുണ്ട്. 12 മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് 100 രൂപയും 18 വയസ് മുതലുള്ളവര്‍ക്ക് 200 രൂപയുമാണ് ഹെറിറ്റേജ് ഫീസ്.

ലക്ഷദ്വീപിലെ വിനോദസഞ്ചാരമേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബംഗാരം, കവരത്തി, അഗത്തി ദ്വീപുകളിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനും പുതിയ നിയമം സഹായിക്കും. ദ്വീപിലെത്തുന്നതിനു മുന്‍പു തന്നെ പെര്‍മിറ്റ് ഉറപ്പാക്കിയിരിക്കണം. വിദേശ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടും വിസയും അത്യാവശ്യമാണ്.

1967 മുതലുള്ള ഈ വ്യവസ്ഥയാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.