ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ആഗോള തലത്തിൽ ആശങ്ക ഉയരുന്നതിനിടെ ഇന്ത്യയിൽ ഉടൻ ഊർജമോ വളമോ സംബന്ധിച്ച പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്ററി സമിതിയെ അറിയിച്ചു. ആവശ്യമായ കരുതൽ ശേഖരങ്ങളും ബദൽ ഇറക്കുമതി മാർഗങ്ങളും തുറമുഖ ക്രമീകരണങ്ങളും സജ്ജമാണെന്നും യുദ്ധസാഹചര്യം ശമിച്ചാൽ നാല് മുതൽ അഞ്ച് ദിവസത്തിനകം ചരക്കുനീക്കവും വിതരണ സംവിധാനവും സാധാരണ നിലയിലാകുമെന്നും സർക്കാർ വ്യക്തമാക്കി.
പാർലമെന്റിന്റെ ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവ സംബന്ധിച്ച സ്ഥിരംസമിതിയുടെ യോഗത്തിലാണ് വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിശദീകരിച്ചത്. തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് പുറമെ വിദേശകാര്യ, വാണിജ്യ, പെട്രോളിയം മന്ത്രാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയ്ക്ക് നിലവിൽ 78 ദിവസത്തിലേറെക്കാലത്തേക്ക് മതിയാകുന്ന ഊർജ ശേഖരമുണ്ടെന്ന് സർക്കാർ സമിതിയെ അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിൽ തടസം നേരിട്ടാലും രാജ്യത്തിന് തൽക്ഷണ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ വള ഇറക്കുമതിയുടെ 30 ശതമാനത്തിലേറെ ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുമായി ബദൽ വിതരണ മാർഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും വള ക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഊർജ വിതരണത്തിലും വള ലഭ്യതയിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷം ദീർഘകാലം തുടരുകയാണെങ്കിൽ പോലും വിതരണ ശൃംഖല നിലനിർത്താൻ ആവശ്യമായ അടിയന്തര പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില, കപ്പൽ ഇൻഷുറൻസ് ചെലവ്, ആഗോള വ്യാപാരം എന്നിവയിൽ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. ഇതിനെ നേരിടാൻ തന്ത്രപ്രധാന ശേഖരങ്ങൾ ശക്തിപ്പെടുത്തൽ, വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി വൈവിധ്യവൽക്കരണം, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയ്ക്കാണ് കേന്ദ്രം പ്രാധാന്യം നൽകുന്നത്.
ആവശ്യമെങ്കിൽ ചരക്കുനീക്കം തിരിച്ചുവിടുന്നതിനും അടിയന്തര കാർഗോ കൈകാര്യം ചെയ്യുന്നതിനുമായി ഇന്ത്യൻ തുറമുഖങ്ങളും ഷിപ്പിംഗ് സംവിധാനങ്ങളും സജ്ജമാക്കുന്ന നടപടികളും പരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
യോഗത്തിന് ശേഷം സമിതി അധ്യക്ഷൻ സഞ്ജയ് ത്സാ മാധ്യമങ്ങളോട് പ്രതികരിക്കവേ 'നിലവിൽ കാര്യങ്ങൾ നിയന്ത്രണത്തിലാണ്' എന്ന് പറഞ്ഞു. പ്രശ്‌നം എത്രകാലം തുടരുമെന്നത് വ്യക്തമല്ലെങ്കിലും ദീർഘകാല പദ്ധതികളുമായി സർക്കാർ മന്നോട്ട് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സംഘർഷം: ഇന്ത്യയ്ക്ക് ഉടൻ ഊർജ-വള പ്രതിസന്ധിയില്ല; യുദ്ധം ശമിച്ചാൽ 45 ദിവസത്തിനകം സ്ഥിതി സാധാരണയാകുമെന്ന് കേന്ദ്രം
