ന്യൂഡൽഹി: ആറ് മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കിടയിൽ ഉയർന്ന കർണാടകയിലെ അധികാര കൈമാറ്റ അഭ്യൂഹങ്ങൾ പെട്ടെന്ന് കാറ്റിൽ പറന്നുപോയ അവസ്ഥയിലായി. ഒടുവിൽ ജ്യോതിയും തീയും വന്നില്ലെന്ന് മാത്രമല്ല, ആകെ കൂട്ടിയിട്ട് തീകത്തിച്ചിടത്തുനിന്ന് പുകപോലും ഇല്ലെന്നായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും തമ്മിൽ രണ്ടര വർഷത്തെ കാലാവധിക്ക് ശേഷം അധികാരമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ തള്ളിയ കോൺഗ്രസ് നേതൃത്വം, ഇത്തരം വാർത്തകൾ വെറും മാധ്യമസൃഷ്ടിയും അഭ്യൂഹങ്ങളും മാത്രമാണെന്നും യാഥാർത്ഥ്യവുമായി യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കി.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് കർണാടകയിലെ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയത്. യോഗത്തിനുശേഷം പുറത്തെത്തിയ നേതാക്കൾക്ക് ഒരുകാര്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ, ഒരു അഭ്യൂഹങ്ങൾക്കും സ്ഥാനമില്ല, രാജ്യസഭ, എം.എൽ.സി ഇലക്ഷനുകളല്ലാതെ മറ്റൊന്നും ചർച്ച ചെയ്തിട്ടില്ല. മന്ത്രിസഭാ വികസനം സംബന്ധിച്ച വിഷയം പോലും ചർച്ച ചെയ്തില്ലെന്ന് സിദ്ധരാമയ്യയും അറിയിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കർണാടകയിലെ അധികാര കൈമാറ്റ വിഷയം വീണ്ടും സജീവമായത്. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തലത്തിൽ നേരത്തെ ധാരണയുണ്ടായിരുന്നു എന്ന രീതിയിലായിരുന്നു റിപ്പോർട്ടുകളെങ്കിലും കോൺഗ്രസ് അത് നിഷേധിക്കുകയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കർണാടകയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ മികച്ച ഐക്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും നേതൃത്വം പറയുന്നു. ബി.ജെ.പി ക്യാമ്പുകളിൽ നിന്നാണ് ഇത്തരം ഭിന്നതയുടെ വാർത്തകൾ മനഃപൂർവ്വം സൃഷ്ടിക്കുന്നതെന്നും, സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുന്ന യാതൊരുവിധ ആഭ്യന്തര തർക്കങ്ങളും നിലവിൽ കർണാടക കോൺഗ്രസിൽ ഇല്ലെന്നും മുതിർന്ന നേതാക്കൾ വ്യക്തമാക്കി.
ജ്യോതിയുമില്ല... തീയുമില്ല.... കർണാടകയിൽ അധികാര കൈമാറ്റ അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്
