പനാജി: ഗോവയിലെ അര്‍പോറി ബിര്‍ച്ച് നൈറ്റ് ക്ലബ്ബിലെ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തായ്‌ലന്റില്‍ പിടിയിലായ പ്രതികളായ ക്ലബ് ഉടമകളെ ഉടനെ ഇന്ത്യയിലേക്ക് എത്തിക്കും. തീപിടുത്തത്തിന് പിന്നാലെ പ്രതികളായ സഹോദരങ്ങള്‍ ഗൗരവ്, സൗരഭ് ലുത്ര എന്നിവര്‍ തായ്‌ലന്റിലെ ഫുക്കറ്റിലേക്ക് കടന്നിരുന്നു. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാണ് ഇരുവരേയും പിടികൂടിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി രോഹിണി കോടതി തള്ളിയിരുന്നു.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി നാല് ആഴ്ചത്തെ ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജാമ്യാപേക്ഷയില്‍ രാജ്യം വിടാനുണ്ടായ കാരണങ്ങള്‍ ഇവര്‍ വിശദമാക്കിയിട്ടുണ്ട്.
ഗോവയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ആള്‍ക്കൂട്ട കൊലയ്ക്ക് ഇരയാകുമായിരുന്നുവെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ഭയമാണെന്നും ഇരുവരും ജാമ്യാപേക്ഷയില്‍ പറഞ്ഞു.
എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാകുമെന്ന വാദം രോഹിണി കോടതി ജഡ്ജ് വന്ദന തള്ളിക്കളഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം പ്രഥമദൃഷ്ട്യാ അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.
അപകടവുമായി ബന്ധപ്പെട്ട് ജനരോഷം രൂക്ഷമായതോടെ പ്രതികളുടെ റോമിയോ ലെയ്‌നിലെ പബ്ബുകള്‍, കഫേകള്‍, നൈറ്റ് ക്ലബ്ബുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ലുത്ര സഹോദരന്മാരുടെ സ്വത്തുക്കള്‍ക്കെതിരെ ഗോവ സര്‍ക്കാര്‍ ബുള്‍ഡോസര്‍ നടപടിയെടുത്തു. അനധികൃത നിര്‍മാണമെന്നായിരുന്നു പൊളിച്ചു നീക്കാന്‍ പറഞ്ഞ കാരണം.
