നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ 270 കടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 33 മലയാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള 86 പേരും പശ്ചിമ ബംഗാളിലെ 32 പേരും മറ്റു സംസ്ഥാനങ്ങളിലെ 61 പേരുമാണ് കാണാതായവരുടെ പട്ടികയിലുള്ളത്. അതേസമയം, തമിഴ്‌നാട്ടിൽ നിന്നുള്ള 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് വിനോദ സഞ്ചാരികളും തീർഥാടകരും ഉൾപ്പെടെ 1400-ലധികം ആളുകളെ കാണാതായെന്ന് നേപ്പാള്‍ ഭരണകൂടം അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പർവതമേഖലയിൽ പെട്ടെന്നുണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും ചെളിമണ്ണൊഴുക്കുമാണ് വൻ നാശനഷ്ടം വിതച്ചത്.
കൈലാസ് മാനസസരോവർ തീർത്ഥാടനത്തിന് പോയവര്‍ ഉള്‍പ്പെടെ 288 ഇന്ത്യൻ പൗരന്മാരെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാണാതായവരിൽ തൃശൂലി പവർ പ്രോജക്റ്റിലെ 73 പേരും, തമിഴ്‌നാട്ടിൽ നിന്നുള്ള 37, 49 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും, പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരും, കേരളത്തിൽ നിന്നുള്ള 33 പേരും ഉൾപ്പെടുന്നു.
പിന്നീട് പത്രസമ്മേളനത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. +91 11 2308 8718, +91 11 2308 8719 എന്നീ നമ്പറുകളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. വാട്‌സാപ്പ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി +91 9968291988 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് പർവതനിരകളിൽ രൂപപ്പെട്ട ഭീമൻ ചെളിമലകൾ ഒന്നടങ്കം താഴേക്ക് ഇരച്ചെത്തുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ വീടുകളും വാഹനങ്ങളും റോഡുകളും ഈ 'കളിമൺ സുനാമി' വിഴുങ്ങി. ദുരന്തത്തിൻ്റെ വ്യാപ്തി കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി തുടരുകയാണ്. ദുരന്തത്തിൻ്റെ ദൃശ്യങ്ങളില്‍ ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ മലവെള്ളപ്പാച്ചിൽ അവരെ വിഴുങ്ങുന്നതും കെട്ടിടങ്ങളും പാലങ്ങളും തകർക്കുന്നതും കാണാം. വ്യാഴാഴ്ച നേപ്പാളിൽ നിന്നുള്ള ഡ്രോൺ ദൃശ്യങ്ങൾ നാശനഷ്ടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു.
"വെള്ളത്തിൻ്റെയും ചെളിയുടെയും ഒരു സുനാമി ആ പ്രദേശത്തെ ആഞ്ഞടിച്ചത് പോലെയായിരുന്നു അത്. ആളുകൾ ഞങ്ങളുടെ കൺമുന്നിൽ വെച്ച് അപ്രത്യക്ഷമാകുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു," നുവാകോട്ട് ജില്ലയിലെ ഒരു പ്രാദേശിക നിവാസി പറഞ്ഞു. നുവാകോട്ട്, രസുവ ജില്ലകളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. നാശനഷ്ടത്തിൻ്റെ വ്യാപ്തി കാരണം ഈ സംഭവം ഒരു സാധാരണ പ്രളയത്തേക്കാൾ, വലിയ ഉരുൾപൊട്ടൽ പോലെയാണ് അനുഭവപ്പെട്ടത്.
കുത്തനെയുള്ള ഹിമാലയൻ താഴ്‌വരകളിൽ ഇത്തരം മലവെള്ളപ്പാച്ചിലുകൾക്ക് വേഗത പെട്ടെന്ന് വർധിക്കുകയും, അവ കൂറ്റൻ പാറക്കല്ലുകളും മണ്ണും ഒഴുക്കിക്കൊണ്ടുവന്ന് മുന്നിലുള്ളതെല്ലാം തകർത്തുതരിപ്പണമാക്കുകയും ചെയ്യും. അതുകൊണ്ടാണ് റോഡുകളും പാലങ്ങളും വീടുകളും ഇത്ര പെട്ടെന്ന് ഒലിച്ചുപോയതെന്ന് അധികൃതര്‍ അറിയിച്ചു.
മലയോര പാതകളിൽ അതിവേഗത്തിൽ ഒഴുകിയെത്തിയ ചെളിയും കല്ലുകളും വീടുകളും പാലങ്ങളും തൽക്ഷണം തകർത്തെറിഞ്ഞു. ധുംഗെ ബസാറിൽ ആളുകൾ ഓഫീസുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മിനിറ്റുകൾക്കുള്ളിലാണ് ചന്ത മുഴുവൻ ഒലിച്ചുപോയതെന്ന് അതിജീവിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.
മനുഷ്യനിർമ്മിതമായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഹിമാലയൻ മേഖലയിൽ ഇത്തരം ഹിമാനി ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. ആഗോളതാപനം മൂലം മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതും കുന്നിൻചരിവുകളിലെ പ്രകൃതിദത്ത ഘടനയ്ക്ക് മാറ്റം വരുന്നതും ഹിമാലയൻ താഴ്‌വരകളെ അതീവ അപകട മേഖലകളാക്കി മാറ്റുകയാണ്.
33 മലയാളികൾ അടക്കം 288 ഇന്ത്യക്കാരെ കാണാനില്ല, നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 273 കടന്നു, ആശങ്ക
