നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു


ന്യൂഡല്‍ഹി: നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പേപ്പര്‍ ചോര്‍ച്ച കേസുകള്‍ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ മുമ്പാകെ ബുധനാഴ്ച കുറ്റപത്രം ഹാജരാക്കും.

ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം-1988, പൊതുപരീക്ഷകള്‍ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) നിയമം-2024 എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചതിന് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

സിബിഐയുടെ കുറ്റപത്രത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി 360 സാക്ഷികളുടെയും 422 രേഖകളുടെയും 43 ഭൗതിക തെളിവുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ആഭ്യന്തര അഴിമതിക്ക് നേരിട്ടുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ എന്‍ ടി എ കാണിച്ച ഗുരുതരമായ അശ്രദ്ധയും നടപടിക്രമങ്ങളിലെ വീഴ്ചകളും അംഗീകരിക്കാനാവാത്തതാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ ടി എ ഉദ്യോഗസ്ഥരുടെ ഗുരുതരമായ നടപടിക്രമ ലംഘനങ്ങളും അശ്രദ്ധയുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് വഴിവെച്ചതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുമെന്നും സി ബി ഐ അറിയിച്ചു.

യശ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം മധുകര്‍ ഖൈര്‍നാര്‍, ധനഞ്ജയ് നിവൃത്തി ലോക്ഹണ്ഡെ, എന്‍ ടി എ കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിഠല്‍റാവു കുല്‍ക്കര്‍ണി, പൂനെയിലെ എ പി എം എ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫിസിക്‌സ് അധ്യാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ തേജസ് ഹര്‍ഷദ് കുമാര്‍ ഷാ, ഡോ. മനോജ് ഭഗവാന്റാവു ഷിരുറെ, ശിവരാജ് രഘുനാഥ് മൊട്ടേഗാവങ്കര്‍, ലാത്തൂരിലെ ആര്‍സിസി കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ മനീഷ വാഗ്മറെ, എന്‍ ടി എ ബയോളജി വിദഗ്ധ മനീഷ മന്ധാരെ, എന്‍ടിഎ ഫിസിക്‌സ് വിദഗ്ധ മനീഷ സഞ്ജയ് ഹവല്‍ദാര്‍ എന്നിവരാണ് സി ബി ഐ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍.