നീറ്റ്‌ പരീക്ഷ ക്രമക്കേട്‌: ഗൂഢാലോചനയുടെ തുടക്കം നാസിക്കില്‍, കേരളത്തിലും പരിശോധന

നീറ്റ്‌ പരീക്ഷ ക്രമക്കേട്‌: ഗൂഢാലോചനയുടെ തുടക്കം നാസിക്കില്‍, കേരളത്തിലും പരിശോധന


ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ്‌ പരീക്ഷ ക്രമക്കേടില്‍ ഗൂഢാലോചനയുടെ തുടക്കം നാസിക്കില്‍ നിന്നാണെന്ന്‌ കണ്ടെത്തി. നാസിക്കിലെ പ്രിന്റിംഗ്‌ പ്രസില്‍ നിന്നാണ്‌ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ്‌ പ്രാഥമിക വിവരം. ചോദ്യപേപ്പര്‍ ചോര്‍ത്തി തയ്യാറാക്കിയ മാതൃക ചോദ്യപേപ്പര്‍ കേരളത്തിലും എത്തിയെന്നാണ്‌ കണ്ടെത്തല്‍. സംഭവത്തിലെ പ്രധാന സൂത്രധാരന്‍, ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്നിവരടക്കം 15ഓളം പേര്‍ പിടിയിലായിട്ടുണ്ട്‌. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച സി.ബി.ഐ അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിച്ചു.

ഇത്തവണത്തെ പരീക്ഷ ചോദ്യപേപ്പര്‍ നാസിക്കിലെ പ്രിന്റിംഗ്‌ പ്രസില്‍ നിന്ന്‌ ശുഭം കര്‍ണിയാര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ്‌ ലഭിച്ചത്‌. ഇയാള്‍ ഇത്‌ ഹരിയാനയിലെ ഒരു ഡോക്ടറിന്‌ കൊറിയര്‍ വഴി കൈമാറി. ഡോക്ടര്‍ ഇത്‌ തട്ടിപ്പ്‌ സംഘത്തിലെ പ്രധാനി മനീഷ്‌ യാദവിനും രാകേഷിനും എത്തിച്ചുനല്‍കി. പിന്നീട്‌ യഥാര്‍ത്ഥ ചോദ്യപേപ്പര്‍ മാതൃകാ ചോദ്യപേപ്പറാക്കിയതിനു ശേഷം രാജസ്ഥാന്‍, ഡല്‍ഹി, ജമ്മു കാഷ്‌മീര്‍, ബിഹാര്‍, കേരളം, തെലുങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള സംഘാംഗങ്ങള്‍ക്ക്‌ കൈമാറുകയും പണം നല്‍കിയ ആവശ്യക്കാര്‍ക്ക്‌ എത്തിക്കുകയുമായിരുന്നു.

25000 രൂപ മുതല്‍ രണ്ട്‌ ലക്ഷം വരെ വിലയീടാക്കിയാണ്‌ ടെലഗ്രാം, വാട്‌സ്‌ആപ്പ്‌ തുടങ്ങിയവയിലൂടെ ചോദ്യപേപ്പര്‍ വിറ്റത്‌. 400ല്‍ അധികം അംഗങ്ങളുള്ള പ്രൈവറ്റ്‌ മാഫിയ എന്ന വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലൂടെയും ചോദ്യപേപ്പര്‍ പങ്കിട്ടിട്ടുണ്ട്‌. കേരളത്തില്‍ കോഴിക്കോട്‌, പത്തനംതിട്ട എന്നി ജില്ലകളില്‍ ചോദ്യപേപ്പര്‍ എത്തിയതായി രാജസ്ഥാന്‍ പൊലീസ്‌ കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ പൊലീസ്‌ പരിശോധന ആരംഭിച്ചു. വൈകാതെ സി.ബി.ഐ സംഘവും പരിശോധനയ്‌ക്കായി എത്തുമെന്നാണ്‌ സൂചന.