ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടെ സി.ബി.ഐ അന്വേഷണ സംഘത്തെ തന്നെ ചിരിപ്പിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. രാജസ്ഥാനിലെ സിക്കറിൽ പിടിയിലായ ഒരു കുടുംബത്തിലെ മൂന്ന് പേരിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. 10 ലക്ഷം രൂപ നൽകി പിതാവ് ചോദ്യപേപ്പർ വാങ്ങി നൽകിയിട്ടും മകന് ലഭിച്ചത് 720ൽ 107 മാർക്ക് മാത്രം.
സിക്കറിലെ കോച്ചിംഗ് സെന്ററിൽ നിന്ന് ചോദ്യപേപ്പർ വാങ്ങിയ ദിനേശ് ബിവൽ, സഹോദരൻ മംഗിലാൽ ബിവൽ, മംഗിലാൽ ബിവലിന്റെ മകൻ വികാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവലാണ് മകൻ റിഷി ബിവലിനു വേണ്ടി 10 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങിയത്. ചോദ്യപേപ്പർ നേരത്തെ കിട്ടിയതിന് ശേഷം നീറ്റ് പരീക്ഷയെഴുതിയെങ്കിലും 720ൽ 107 മാർക്ക് മാത്രമേ റിഷിക്ക് നേടാനായുള്ളൂ.
ചോദ്യപേപ്പർ ചോർച്ച പുറത്തായതിന് പിന്നാലെ പിതാവിനെയും കുടുംബാംഗങ്ങളെയും സി.ബി.ഐ പിടികൂടിയെങ്കിലും പരീക്ഷയെഴുതിയ റിഷി ബിവലിനെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ്. പഠനത്തിൽ പിറകിലായ മകനെ പരീക്ഷയിൽ പാസാക്കുന്നതിനാണ് 10 ലക്ഷം രൂപ നൽകി ചോർത്തിയ ചോദ്യപേപ്പർ വാങ്ങിയതെന്ന് ദിനേശ് ബിവൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
നീറ്റ് ചോദ്യപേപ്പർ ചോർച്ച: 10 ലക്ഷം രൂപയ്ക്ക് പിതാവ് ചോദ്യപേപ്പർ വാങ്ങി; മകന് കിട്ടിയത് 720ൽ 107 മാർക്ക്
