ആഗോള സൈനിക ചെലവിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; 92.1 ബില്യൺ ഡോളർ ചെലവ്, പാകിസ്ഥാൻ 31ാം സ്ഥാനത്ത്

ആഗോള സൈനിക ചെലവിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; 92.1 ബില്യൺ ഡോളർ ചെലവ്, പാകിസ്ഥാൻ 31ാം സ്ഥാനത്ത്


ന്യൂഡൽഹി: ആഗോള സൈനിക ചെലവിൽ ഇന്ത്യ 2025ൽ അഞ്ചാം സ്ഥാനത്തെത്തി. സ്‌റ്റോക്‌ഹോം ഇന്റർനാഷണൽ ഫീസ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് (സിപ്രി) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്ക, ചൈന, റഷ്യ, ജർമനി എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം ഇന്ത്യയുടെ സൈനിക ചെലവ് 92.1 ബില്യൺ ഡോളറായിരുന്നുവെന്നും ഇത് ആഗോള ചെലവിന്റെ 3.2 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മുൻവർഷത്തേക്കാൾ 8.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂർ സമയത്ത് സേനയുടെ സജ്ജത ഉറപ്പാക്കാൻ അടിയന്തര ആയുധ വാങ്ങലുകൾ നടത്തിയതും ചെലവ് വർധനവിന് കാരണമായി.

ഇന്ത്യയുടെ അയൽരാജ്യങ്ങളും സൈനിക ചെലവ് കൂട്ടിയിട്ടുണ്ട്. ചൈന 7.4 ശതമാനം വർധനവോടെ 336 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ, പാകിസ്ഥാൻ 11 ശതമാനം വർധനവോടെ 11.9 ബില്യൺ ഡോളർ ചെലവഴിച്ച് 31ാം സ്ഥാനത്തെത്തി.

റിപ്പോർട്ട് പ്രകാരം അമേരിക്ക, ചൈന, റഷ്യ എന്നീ മുൻനിര മൂന്ന് രാജ്യങ്ങൾ ചേർന്ന് സൈനികാവശ്യങ്ങൾക്ക് 1,480 ബില്യൺ ഡോളർ ചെലവഴിച്ചു. ഇത് ആഗോള മൊത്തം ചെലവിന്റെ 51 ശതമാനമാണ്. 2025ൽ ആഗോള സൈനിക ചെലവ് 2,887 ബില്യൺ ഡോളറായി ഉയർന്നതായും റിപ്പോർട്ട് പറയുന്നു. യൂറോപ്പിൽ 14 ശതമാനം വർധനവാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും നേറ്റോ രാജ്യങ്ങളുടെ പുനർസജ്ജീകരണവും ചെലവുയർച്ചയ്ക്ക് കാരണമായി.

ഇതിനിടെ ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016-20 കാലഘട്ടത്തെയും 2021-25 കാലഘട്ടത്തെയും താരതമ്യപ്പെടുത്തുമ്പോൾ 4 ശതമാനം ഇടിവുണ്ടായെങ്കിലും, ഇന്ത്യ ഇപ്പോഴും ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരാണ്. ആഗോള ഇറക്കുമതിയുടെ 8.2 ശതമാനമാണ് ഇന്ത്യയുടെ പങ്ക്.

ചൈനയും പാകിസ്ഥാനുമായുള്ള സുരക്ഷാ വെല്ലുവിളികളാണ് ഇന്ത്യയുടെ ആയുധ ആവശ്യകത വർധിപ്പിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ റഷ്യയിൽ നിന്നുള്ള ആശ്രയം കുറച്ച് ഫ്രാൻസ്, ഇസ്രയേൽ, അമേരിക്ക എന്നീ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതൽ തിരിഞ്ഞത്. 2021-25 കാലഘട്ടത്തിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയിൽ 40 ശതമാനം പങ്ക് റഷ്യയ്ക്കാണ്, മുൻകാലത്തേക്കാൾ ഇത് ഗണ്യമായ കുറവാണ്.

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഇന്ത്യ പ്രതിരോധ ചെലവ് 15 ശതമാനത്തിൽ കൂടുതൽ വർധിപ്പിച്ച് 7.85 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. പുതിയ യുദ്ധവിമാനങ്ങൾ, കപ്പലുകൾ, സബ്മറീനുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടെ സേനയുടെ ശേഷി വർധിപ്പിക്കാനുള്ള വലിയ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.