വാഷിംഗ്ടൺ: ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന നേട്ടം കൈപ്പിടിയിലൊതുക്കാൻ നാസ ശാസ്ത്രജ്ഞൻ അനിൽ മേനോൻ. മലയാളി വേരുകളുള്ള അനിൽ ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് ദൗത്യസംഘം സഞ്ചരിക്കുക.
എക്സ്പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘമാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അനിലിനൊപ്പം മറ്റ് രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. റോസ്കോസ്മോസ് ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പം യാത്ര തിരിക്കുക. എട്ട് മാസം നീളുന്നതാണ് ദൗത്യം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനിൽ മേനോൻ യാത്ര തിരിക്കുന്നത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന് ആണ് ഡോ. അനില്‍ മേനോന്റെ പിതാവ്. അമ്മ യുക്രെനില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ എലിസബത്ത്. ഡോ. അനില്‍ മേനോന് യുഎസ് എയര്‍ഫോഴ്സിലെ സേവനത്തിനിടയില്‍ 'ഓപ്പറേഷന് എന്‍ഡ്യൂറിംഗ് ഫ്രീഡം' എന്ന ദൗത്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിമാലയന്‍ റെസ്ക്യൂ അസോസിയേഷനൊപ്പം ചേര്‍ന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവര്‍ക്ക് വൈദ്യസഹായം നല്കുന്ന ടീമിന്റെ ഭാഗമായിരുന്നു. റോട്ടറി അംബാസഡറിയല്‍ സ്കോളര്‍ എന്ന നിലയില്‍ ഒരു വര്‍ഷം ഇന്ത്യയില്‍ ചെലവഴിച്ച അദ്ദേഹം പോളിയോ വാക്സിനേഷന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
2014-ല്‍ ഫ്ലൈറ്റ് സര്‍ജനായി നാസയില്‍ ചേര്‍ന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് മെഡിക്കല്‍ പിന്തുണ നല്കി. 2018ല്‍ അദ്ദേഹം സ്പേസ് എക്സില്‍ ചേര്‍ന്നു. സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നാസയുടെ രണ്ട് വര്‍ഷത്തെ ബഹിരാകാശ പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ആദ്യ ബഹിരാകാശ യാത്രയ്ക്ക് നിയോഗിക്കുന്നത്. ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്.
ബഹിരാകാശത്തേക്ക് കുതിക്കാൻ മലയാളി, ജൂലൈ 14ന് യാത്ര തിരിക്കും: തിരിച്ചുവരവ് എട്ട് മാസങ്ങൾക്ക് ശേഷം
