ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബര് 11, 12 തിയ്യതികളില് കാനഡ സന്ദര്ശിക്കും. വ്യാപാരം, ഊര്ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള് തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാകും സന്ദര്ശനത്തില് പ്രധാന പരിഗണന നല്കുക. കാനഡയിലെ ഇന്ത്യന് ഹൈക്കമ്മീഷന് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
കാനഡ പ്രധാനമന്ത്രി മാര്ക്ക് കാര്ണിയുമായി മോഡി നടത്തിയ ടെലിഫോണ് സംഭാഷണത്തിന് പിന്നാലെയാണ് സന്ദര്ശനവിവരം പുറത്തുവിട്ടത്. ഉഭയകക്ഷി ബന്ധത്തിലുണ്ടായ അനുകൂല മുന്നേറ്റം കൂടുതല് ശക്തിപ്പെടുത്താനും വിവിധ മേഖലകളില് വ്യക്തമായ പുരോഗതി കൈവരിക്കാനും ഇരുനേതാക്കളും ധാരണയിലെത്തിയതായി ഹൈക്കമ്മീഷന് എക്സിലെ കുറിപ്പില് വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന സംഭാഷണം ഊഷ്മളവും ഫലപ്രദവുമായിരുന്നുവെന്ന് മോഡി വിശേഷിപ്പിച്ചു. ഇന്ത്യ- കാനഡ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല് ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരം, ഊര്ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള് തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില് സഹകരണം മെച്ചപ്പെടുത്താന് ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്ത്തിക്കുമെന്നും മോഡി വ്യക്തമാക്കി. കൂടുതല് സുസ്ഥിരവും സമൃദ്ധവുമായ ലോകം കെട്ടിപ്പടുക്കുന്നതില് ഇന്ത്യയും കാനഡയും ഒരുമിച്ച് സംഭാവന നല്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് സംബന്ധിച്ച ചര്ച്ചകള് എത്രയും വേഗം പൂര്ത്തിയാക്കാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവര്ത്തിച്ചതായി കനേഡിയന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനുള്ള ശ്രമങ്ങള്ക്ക് കരാര് സഹായകമാകുമെന്നാണ് പ്രതീക്ഷ.
കനേഡിയന് അന്താരാഷ്ട്ര വ്യാപാരമന്ത്രി മനീന്ദര് സിധുവിന്റെ നേതൃത്വത്തിലുള്ള 'ടീം കാനഡ' വ്യാപാര സംഘത്തിന്റെ ഇന്ത്യാ സന്ദര്ശനത്തെയും കനേഡിയന് വിദേശകാര്യ മന്ത്രി അനിത ആനന്ദിന്റെ ന്യൂഡല്ഹി സന്ദര്ശനത്തെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങള്ക്കും പൊതുവായ താldhര്യമുള്ള വിഷയങ്ങളില് സഹകരണം മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ സന്ദര്ശനങ്ങളുടെ ലക്ഷ്യം.
യുക്രെയ്നിലെ റഷ്യന് യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളില് മോഡി നടത്തുന്ന നേതൃത്വത്തിന് കാര്ണി നന്ദി അറിയിച്ചതായും കനേഡിയന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
