ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കും

ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി പങ്കെടുക്കും


ഏവിയാന്‍: സ്ലൊവാക്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സിലെ ഏവിയാന്‍-ലെ-ബെയ്‌നില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കും. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങള്‍. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ജി7 പങ്കാളിത്തം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായ ക്ഷണമെന്നും വിലയിരുത്തപ്പെടുന്നു.

ചൈന, ദക്ഷിണ കൊറിയ, ബ്രസീല്‍, കെനിയ തുടങ്ങിയ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇത്തവണത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയുടെ (എ ഐ) ഭാവി, സന്തുലിത സാമ്പത്തിക വളര്‍ച്ച, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, സമുദ്രഗതാഗത സ്വാതന്ത്ര്യം, യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് സാമ്പത്തിക സഹകരണം, സാങ്കേതിക പങ്കാളിത്തം, ഊര്‍ജസുരക്ഷ, ആഗോള സ്ഥാപനങ്ങളിലെ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ക്കായിരിക്കും പ്രധാനമന്ത്രി മോഡി മുന്‍ഗണന നല്‍കുകയെന്നാണ് സൂചന.

ജി7 വേദിയില്‍ പ്രതീക്ഷകളും ആശങ്കകളും ഉയര്‍ത്തിക്കാട്ടുമെന്ന് യാത്രയ്ക്കു മുന്‍പ് പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയിരുന്നു.

ജി7 ഉച്ചകോടിയിലേക്കുള്ള ഇന്ത്യയുടെ ക്ഷണം ആഗോളതലത്തില്‍ രാജ്യത്തിന് ലഭിക്കുന്ന വിശ്വാസത്തിന്റെ പ്രതീകമാണെന്നും തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ത്യയെ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല ഗ്ലോബല്‍ സൗത്തിന്റെ ആഗ്രഹങ്ങള്‍ക്കും ഇന്ത്യ ശബ്ദമാകുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

വികസ്വര രാജ്യങ്ങളുടെ കടബാധ്യത, ആരോഗ്യസംരക്ഷണം, തുല്യ സാമ്പത്തിക വളര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ ഇതിനകം ജി20, ഐക്യരാഷ്ട്രസഭ, 'വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്' ഉച്ചകോടി എന്നിവയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടും.

ലോകോത്തര നിര്‍മാണ കേന്ദ്രമായി മാറാനുള്ള ലക്ഷ്യത്തോടെ ഇന്ത്യ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ആഗോള വിതരണ ശൃംഖലകളില്‍ കൂടുതല്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനം, സെമികണ്ടക്ടര്‍ നിര്‍മാണം, പുനരുപയോഗ ഊര്‍ജം, ഡിജിറ്റല്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ക്ഷണിക്കാന്‍ ജി7 ഉച്ചകോടി ഇന്ത്യയ്ക്ക് അവസരമൊരുക്കും.

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍, ഓണ്‍ലൈന്‍ തിരിച്ചറിയല്‍ സംവിധാനം, ഇ-ഗവേണന്‍സ് പദ്ധതികള്‍ എന്നിവയിലൂടെ ഡിജിറ്റല്‍ പൊതുഅടിസ്ഥാന സൗകര്യ രംഗത്ത് ഇന്ത്യ ആഗോള മാതൃകയായി മാറിയിട്ടുണ്ട്. നിര്‍മിത ബുദ്ധി, സൈബര്‍ സുരക്ഷ, സെമികണ്ടക്ടര്‍ നിര്‍മാണം, ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ എന്നിവയില്‍ പുതിയ പങ്കാളിത്തങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആഗോള സംഘര്‍ഷങ്ങളും ഊര്‍ജ വിപണിയിലെ അനിശ്ചിതത്വങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഊര്‍ജസുരക്ഷയുടെ പ്രാധാന്യം പ്രധാനമന്ത്രി മോഡി ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.

വികസ്വര രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഊര്‍ജലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പരമ്പരാഗതവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജസ്രോതസുകളെ പിന്തുണയ്ക്കുന്ന സന്തുലിത നയങ്ങള്‍ക്ക് ഇന്ത്യ വാദിക്കും.

കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, പുനരുപയോഗ ഊര്‍ജം എന്നിവയും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകും. സൗരോര്‍ജ ഉത്പാദനത്തിലും ഹരിത ഊര്‍ജ രംഗത്തും ഇന്ത്യ കൈവരിച്ച പുരോഗതി ചൂണ്ടിക്കാട്ടിക്കൊണ്ട് കാലാവസ്ഥാ ധനസഹായം, ഹരിത സാങ്കേതിക കൈമാറ്റം, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കായി ഇന്ത്യ പിന്തുണ തേടും. ശുദ്ധ ഹൈഡ്രജന്‍, വൈദ്യുത വാഹനങ്ങള്‍, ഊര്‍ജ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലും സഹകരണം പ്രതീക്ഷിക്കുന്നു.

നിര്‍മിത ബുദ്ധിയുടെ വികസനം എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാകണമെന്നും അതിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി മോദി ജി7 വേദിയില്‍ ആവശ്യപ്പെടും.

ഓരോ സാങ്കേതിക വിപ്ലവവും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം പുതിയ ഉത്തരവാദിത്വങ്ങളും ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗ്രാമീണ വികസനത്തിന് എ ഐയും ഉപഗ്രഹ സാങ്കേതികവിദ്യയും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എ ഐയുടെ വളര്‍ച്ച മനുഷ്യരെ വെറും 'അസംസ്‌കൃത വസ്തുക്കളായി' ചുരുക്കരുതെന്നും ഈ സാങ്കേതികവിദ്യ ജനാധിപത്യവല്‍ക്കരിച്ച് പ്രത്യേകിച്ച് ആഗോള ദക്ഷിണ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ശാക്തീകരണത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഉപാധിയാക്കണമെന്നും മോഡി വ്യക്തമാക്കിയിട്ടുണ്ട്.