ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്‌കെയുടെ അമ്മ അനിത ദിപ്‌കെ വികാരനിര്‍ഭരമായ പ്രതികരണവുമായി രംഗത്തെത്തി. മകനെക്കുറിച്ച് അഭിമാനമുണ്ടെന്നും സമരകാലത്ത് കുടുംബം കടന്നുപോയ മാനസിക സംഘര്‍ഷം വളരെ വലുതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
'എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ മകനെക്കുറിച്ച് വലിയ അഭിമാനമാണ്. എന്നാല്‍ സമരത്തിനിടെ അവനെ മര്‍ദിച്ചതോടെ പലപ്പോഴും ഭയന്നുപോയിരുന്നു. അവന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയിലായിരുന്നു. അവനെ അടിക്കുകയും കവിളത്തടിക്കുകയും ചെയ്തപ്പോള്‍ എനിക്ക് സഹിക്കാനായില്ല. രാത്രി മൂന്ന്-നാല് മണിവരെ ഉറങ്ങാതെ കിടന്നു. ഭക്ഷണം പോലും കഴിക്കാനായില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ജൂണ്‍ 7 മുതല്‍ വീട്ടില്‍ ഒന്നും ചെയ്യാന്‍ തോന്നിയിരുന്നില്ല,' അനിത ദിപ്‌കെ പറഞ്ഞു.
'ഇത്രയും ചെറുപ്പത്തില്‍ അവന്‍ വളരെ വലിയൊരു കാര്യം നേടിയെടുത്തു. അതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ഇനി എന്റെ മകന്‍ വീട്ടിലേക്ക് മടങ്ങിവരണം,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ധര്‍മേന്ദ്ര പ്രധാന്റെ രാജിയോട് പ്രതികരിച്ച് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി എക്‌സില്‍ കുറിച്ചത്, വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇനി പുതിയ തുടക്കമിടാനുള്ള അവസരമാണിതെന്നാണ്. തിരുത്തേണ്ട എല്ലാ കാര്യങ്ങളും കണ്ടെത്തി മാറ്റങ്ങള്‍ നടപ്പാക്കണം. ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കേള്‍ക്കാന്‍ നേതൃത്വം എപ്പോഴും തയ്യാറായിരിക്കണമെന്ന വ്യക്തമായ സന്ദേശമാണിത്. ഫലപ്രദവും ജനകീയവുമായ ഭരണത്തിന് ഇനി ഒരു ദിവസവും പാഴാക്കരുതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി കിരണ്‍ റിജിജു ധര്‍മേന്ദ്ര പ്രധാന്റെ പൊതുസേവനത്തെ പ്രശംസിച്ച് എക്‌സില്‍ കുറിച്ചു.
'യഥാര്‍ഥ നേതൃത്വം പതിറ്റാണ്ടുകളായി നടത്തിയ സേവനത്തിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ പൊതുജീവിതത്തിനും വിദ്യാര്‍ഥി ക്ഷേമത്തിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ്. കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന്, ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ ഓരോ തീരുമാനത്തിന്റെയും കേന്ദ്രബിന്ദുവാക്കാനും അദ്ദേഹം ആത്മാര്‍ഥമായി പരിശ്രമിച്ചതിന് ഞാന്‍ സാക്ഷിയാണ്.
ഇന്ത്യ പോലുള്ള രാജ്യത്ത് വിദ്യാഭ്യാസം പോലൊരു നിര്‍ണായക മേഖല നയിക്കാന്‍ വലിയ ക്ഷമയും ദീര്‍ഘവീക്ഷണവും ആവശ്യമാണ്. ധര്‍മേന്ദ്ര പ്രധാന്‍ അത് ആത്മവിശ്വാസത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും നിര്‍വഹിച്ചു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ക്കും രാജ്യനിര്‍മാണത്തിനായുള്ള സംഭാവനകള്‍ക്കും നന്ദി അറിയിക്കുന്നു. അതേ ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും അദ്ദേഹം ഇനിയും രാജ്യത്തെ സേവിക്കട്ടെയെന്ന് ആശംസിക്കുന്നു,' റിജിജു പറഞ്ഞു.
