മുനമ്പം; വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ

മുനമ്പം; വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധിക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ


ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതെന്നും കോടതി ചോദിച്ചു. മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സുപ്രിം കോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു.

മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയിലെ വിഷയമായിരുന്നില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

പരിഗണന വിഷയം മറികടന്നാണ് ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫയല്ലെന്ന് വിധിച്ചതെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. തുടര്‍ന്നാണ് ഭൂമി വഖഫല്ലെന്ന ഭാഗം സ്റ്റേ ചെയ്യുകയും തല്‍സ്ഥിതി തുടരാനും കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങള്‍ക്ക് സ്റ്റേ ബാധകമല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. 

മുനമ്പം വിഷയത്തിലെ ജുഡിഷ്യല്‍ കമ്മീഷന്‍ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവര്‍ വെറും പൊതുതാത്പര്യഹര്‍ജിക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വഖഫ് മുത്തവലി പോലുള്ളവരല്ല ഹര്‍ജിയും ആയി ഹൈക്കോടതിയില്‍ എത്തിയതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സി കെ ശശിയും കോടതിയില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ തന്നെ പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കേരള വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു.

കേരള വഖഫ് ബോര്‍ഡ് 2019ല്‍ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാക്കി വിജ്ഞാപനം ചെയ്തത് തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയാണെന്ന് ഭൂവുടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി ചിദംബരേഷ് വാദിച്ചു. 70 വര്‍ഷത്തോളമായി മുനമ്പത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഭൂവുടമകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂവുടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ മന്ദീര്‍ സിങ് ഹാജരായി.