മുംബൈ ഓഹരി വിപണി ഇടിഞ്ഞു; നഷ്ടം 12 ലക്ഷം കോടി

മുംബൈ ഓഹരി വിപണി ഇടിഞ്ഞു; നഷ്ടം 12 ലക്ഷം കോടി


മുംബൈ: മുംബൈ ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. വിപണി നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 2496 പോയിന്റും നിഫ്റ്റി 775 പോയിന്റും ഇടിഞ്ഞു. 11 മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് സൂചികകള്‍. കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വ്യാഴാഴ്ച നേരിട്ടത്. 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വ്യാഴാഴ്ച നിക്ഷേപകര്‍ക്ക് ഉണ്ടായിരിക്കുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണ വിലയിലുണ്ടായ കുതിപ്പ് വിപണിയില്‍ പ്രകടമായി. ഇതോടൊപ്പം തന്നെ സ്വര്‍ണവില കുറഞ്ഞതും ആഗോളതലത്തില്‍ വിപണിയെ സാരമായി ബാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചെയര്‍മാന്‍ അതാനു ചക്രവര്‍ത്തിയുടെ രാജി വിപണിയെ ബാധിച്ചു. ബാങ്കിന്റെ രീതിയോട് പൊരുത്തപ്പെടാനാവില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ബാങ്കിന്റെ ഓഹരിവിപണിയെയും ബാധിച്ചു.

വിദേശ നിക്ഷേപകര്‍ വിവിധ കാരണങ്ങളാല്‍ 52,740 കോടി പിന്‍വലിച്ചതും വിപണിയെ പ്രതിസന്ധിയിലാക്കി. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായി.