മുൻ റെയിൽവേ സഹമന്ത്രി മുകുൾ റോയ് അന്തരിച്ചു

മുൻ റെയിൽവേ സഹമന്ത്രി മുകുൾ റോയ് അന്തരിച്ചു


കൊൽക്കത്ത: മുൻ റെയിൽവേ സഹമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ചയാണ് അന്ത്യം. 71 വയസായിരുന്നു. മകൻ ശുഭ്രാംശു റോയ് മരണവാർത്ത സ്ഥിരീകരിച്ചു.

യുപിഎ രണ്ടാം സർക്കാരിൽ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ കപ്പൽഗതാഗത വകുപ്പിലും പിന്നീട് റെയിൽവേ വകുപ്പിലും സഹമന്ത്രിയായി റോയ് പ്രവർത്തിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് മുമ്പ് കോൺഗ്രസ് പാർട്ടിയിലും അദ്ദേഹം സജീവമായിരുന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർഥിയായി വിജയിച്ച റോയ്, പിന്നീട് മുഖ്യമന്ത്രി മമത ബാനർജിയുടെയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സാന്നിധ്യത്തിൽ തൃണമൂൽ കോൺഗ്രസിൽ തിരിച്ചുചേർന്നു. തുടർന്ന് കക്ഷിമാറ്റത്തെ തുടർന്നു നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം ആരംഭിച്ചു.

കൊൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നുവെങ്കിലും, ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി ആ ഉത്തരവ് താൽക്കാലികമായി നിർത്തിവെച്ചു. സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പുകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന വാദവും, പാർട്ടി മാറിയതോടെ അയോഗ്യത ബാധകമാണെന്ന പ്രതിവാദവും കോടതിയിൽ ഉയർന്നിരുന്നു. സുപ്രീം കോടതി ഇടക്കാല ആശ്വാസം അനുവദിച്ചതോടെ അദ്ദേഹം അംഗത്വം നിലനിർത്തി.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അസുഖബാധിതനായിരുന്ന മുകുൾറോയിക്ക്  കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നില്ലെന്ന് ഭാരതീയ ജനതാ പാർട്ടി നേതാവ് ദിലീപ് ഘോഷ്, പറഞ്ഞു. അനുഭവസമ്പന്നനായ രാഷ്ട്രീയപ്രവർത്തകനായിരുന്നു മുകുൾ റോയിയെന്നും അദ്ദേഹം അനുസ്മരിച്ചു.