ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ക്കെതിരെയല്ല, എല്ലാ ദരിദ്രകുടുംബങ്ങളെക്കുറിച്ചുമാണ് സംസാരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വിവാദമായ നുഴഞ്ഞുകയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍ തുടങ്ങിയ പരാമര്‍ശങ്ങളിലാണ്, ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വിശദീകരിച്ചത്. ഹിന്ദു, മുസ്ലിം എന്ന തരത്തില്‍ തരംതിരിക്കുന്നവര്‍ പൊതുപ്രവര്‍ത്തനത്തിന് യോഗ്യരല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ഞാന്‍ മുസ്ലീങ്ങളോടുള്ള സ്‌നേഹം വിപണനം ചെയ്യുന്നില്ല. വോട്ട് ബാങ്കിന് വേണ്ടിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്, എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.' മോഡി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കുട്ടികളുള്ള ആളുകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, അതെല്ലാം മുസ്ലിങ്ങളെക്കുറിച്ചാണെന്ന് അനുമാനിക്കാന്‍ നിങ്ങളോട് ആരാണ് പറഞ്ഞത്?. പ്രധാനമന്ത്രി ചോദിച്ചു.
എന്തുകൊണ്ടാണ് നിങ്ങള്‍ മുസ്ലീങ്ങളോട് ഇത്ര നീതികേട് കാണിക്കുന്നത്? പാവപ്പെട്ട കുടുംബങ്ങളിലും ഇതാണ് അവസ്ഥ. എവിടെ ദാരിദ്ര്യമുണ്ടോ, അവിടെയെല്ലാം കൂടുതല്‍ കുട്ടികളുണ്ട്. ഞാന്‍ ഹിന്ദുവോ മുസ്ലീമോ ഒന്നും പറഞ്ഞില്ല. ഒരാള്‍ക്ക് എത്ര മക്കളുണ്ടോ, അവരെ പരിപാലിക്കാന്‍ കഴിയണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളുടെ സംരക്ഷണം സര്‍ക്കാരിന്റെ ചുമലില്‍ ഇടുന്ന സാഹചര്യം ഉണ്ടാകരുത് എന്നാണ് പറഞ്ഞത്. നരേന്ദ്രമോഡി വ്യക്തമാക്കി.
താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ ഗോധ്ര കലാപം, എതിരാളികള്‍ തന്റെ പ്രതിച്ഛായ നശിപ്പിക്കാനായി മുസ്ലിങ്ങള്‍ക്കിടയില്‍ ഉപയോഗിച്ചുവെന്ന് മോഡി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങള്‍ എനിക്കു വേണ്ടി വോട്ടു ചെയ്യും. ഹിന്ദു-മുസ്ലിം എന്നു പറഞ്ഞല്ല ഓരോ ദിവസവും പ്രവര്‍ത്തിക്കുന്നത്. അങ്ങനെ ചെയ്യുന്ന പക്ഷം പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. അന്ന് പൊതുജീവിതം അവസാനിപ്പിക്കും. ഇതു തന്റെ പ്രതിജ്ഞയാണെന്നും നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു.