ട്രംപുമായി മോഡി എട്ടു തവണ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം

ട്രംപുമായി മോഡി എട്ടു തവണ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറും തീരുവ വിഷയങ്ങളും സംബന്ധിച്ച് ന്യൂഡല്‍ഹിയും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വന്ന സാഹചര്യത്തില്‍ 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി എട്ട് തവണ സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രധാനമന്ത്രി മോഡി പ്രസിഡന്റ് ട്രംപിനെ വിളിച്ചില്ല എന്നതിനാലാണ് ഇന്ത്യ- അമേരിക്ക സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിലച്ചതെന്ന് യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്നിക് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നേരിട്ടുള്ള മറുപടിയല്ലെങ്കിലും അതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് വിലയിരുത്തപ്പെടുന്നു.

പരാമര്‍ശങ്ങള്‍ തങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയും അമേരിക്കയും 2025 ഫെബ്രുവരി 13-നുതന്നെ ദ്വിപക്ഷ വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനുശേഷം പരസ്പരം പ്രയോജനകരമായ വ്യാപാര കരാറിലെത്തുന്നതിന് ഇരുപക്ഷവും നിരവധി ചര്‍ച്ചകള്‍ നടത്തി. പല അവസരങ്ങളിലും കരാറിനടുത്തെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങളില്‍ ഈ ചര്‍ച്ചകളെ ചിത്രീകരിച്ച രീതി ശരിയായതല്ലന്നും വിദേശകാര്യ വക്താവ് വക്താവ് രണ്‍ധീര്‍ ജയ്സ്വാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

2025-ല്‍ പ്രധാനമന്ത്രി മോഡിയും പ്രസിഡന്റ് ട്രംപും വിശാലമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ഫോണ്‍ വഴി എട്ട് തവണ സംസാരിച്ചതായും വക്താവ് വ്യക്തമാക്കി.

കരാറിന് അന്തിമരൂപം നല്‍കാന്‍ തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ജയ്സ്വാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കും പ്രസിഡന്റ് ട്രംപിനും 'സൗഹൃദപരമായ ബന്ധമാണുള്ളത്' എന്നും നയതന്ത്രപരമായ മാനദണ്ഡങ്ങള്‍ പാലിച്ച് പരസ്പര ബഹുമാനത്തോടെയാണ് അവര്‍ ഒരുമിച്ച് ആശയവിനിമയം നടത്തിയിട്ടുള്ളതെന്നും ജയ്സ്വാല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിക്കാതിരുന്നതാണ് ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ നടക്കാതിരിക്കാന്‍ കാരണമെന്ന് യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്നിക് അവകാശപ്പെട്ടു.

വ്യാഴാഴ്ച 'ഓള്‍ ഇന്‍' പോഡ്കാസ്റ്റില്‍ വെഞ്ചര്‍ ക്യാപിറ്റലിസ്റ്റും സംരംഭകനുമായ ചാമത്ത് പാലിഹപിത്യയുമായി സംസാരിക്കവെയാണ് ലട്നിക് ഈ പരാമര്‍ശം നടത്തിയത്. കരാര്‍ അന്തിമമാക്കുന്നതിന് മോഡി ട്രംപിനെ വിളിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇന്ത്യയ്ക്ക് അത് 'അസൗകര്യകരമായതിനാല്‍' ''മോഡി വിളിച്ചില്ല എന്നും ലട്നിക് പറഞ്ഞു.

ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി യു എസിന് വ്യാപാര കരാറുകളുണ്ടെന്നും ഇന്ത്യയുമായുള്ള കരാര്‍ അവര്‍ക്കുമുമ്പേ പൂര്‍ത്തിയാകുമെന്ന് താന്‍ കരുതിയിരുന്നുവെന്നും ലട്നിക് പറഞ്ഞു.